പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് സംസ്‌കാര ചടങ്ങുകൾ; മുഴുവൻ ചെലവുകളും സർക്കാർ ഏറ്റെടുക്കും

കോട്ടയം: കോട്ടയം പാലായിൽ നടന്ന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് മരിച്ച അഫീൽ ജോൺസന്റെ പോസ്റ്റുമോർട്ടവും സംസ്‌കാര ചടങ്ങുകളും ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളേജിൽ രാവിലെയാണ് പോസ്റ്റ്‌മോർട്ടം. സംഭവത്തിൽ വീഴ്ചവരുത്തിയ അത്ലറ്റിക് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ വൈകുന്നേരം തന്നെ പാലാ പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിരുന്നു. അഫീലിന്റെ സംസ്‌കാരം വൈകിട്ടോടെയാണ് നടക്കുക.

ഈ മാസം നാലിന് പാലയിൽ നടന്ന ജൂനിയർ അത്ലറ്റിക് മീറ്റിലാണ് അഫീലിന് പരിക്കേറ്റത്. ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയായിരുന്ന അഫീൽ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. പാല സെന്റ് തോമസ് ഹയർസെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്ന അഫീൽ ജോൺസൺ അത്‌ലറ്റിക് മീറ്റിലെ വൊളന്റിയറുമായിരുന്നു

ജൂനിയർ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനത്തിൽ ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ നടക്കുന്നതിനിടെ ഗ്രൗണ്ടിൽ വീണ ജാവലിനുകൾ എടുത്ത് മാറ്റാൻ നിന്ന അഫീൽ ജോൺസന്റെ തലയിലേക്ക് എതിർദിശയിൽ നിന്ന് ഹാമർ വന്ന് വീണാണ് അപകടമുണ്ടായത്. തലയോട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി 15 ദിവസമായി കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. സംസ്ഥാന കായിക വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ചികിത്സാ കാര്യങ്ങൾ.

കഴിഞ്ഞ ഏതാനം ദിവസങ്ങളായി അഫീലിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിരുന്നു. ദ്രവ രൂപത്തിലുള്ള ഭക്ഷണം അഫീലിന് നൽകുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കുട്ടി എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അഫീലിന് കടുത്ത പനി ബാധിക്കുകയും ന്യൂമോണിയ ബാധയുണ്ടാവുകയുമായിരുന്നു. ഇതാണ് മരണത്തിന് കാരണമായത്.

വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്ക് വീഴ്ച പറ്റിയെന്ന് കായിക വകുപ്പ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണത്തിനായി മൂന്നംഗ സമിതിയെയും കായിക വകുപ്പ് നിയമിച്ചിരുന്നു.

ഇതിനിടെ, ഹാമർ തലയിൽവീണ് മരിച്ച അഫീൽ ജോൺസണിന്റെ സംസ്‌കാര ചടങ്ങ് ഉൾപ്പടെയുള്ള ബന്ധപ്പെട്ട മുഴുവൻ ചെലവുകളും സർക്കാർ ഏറ്റെടുക്കും. സർക്കാറിന്റെ പ്രതിനിധിയായി കോട്ടയം മെഡിക്കൽ കോളജിൽ എത്തിയ കോട്ടയം തഹസിൽദാർ രാജേന്ദ്രകുമാറാണ് ഇക്കാര്യം അഫീലിന്റെ മാതാപിതാക്കളായ ജോൺസനെയും ഡാർളിയെയും അറിയിച്ചത്. കുടുംബത്തിന് സാമ്പത്തിസഹായം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ മന്ത്രിസഭ യോഗത്തിൽ തീരുമാനമെടുക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

Exit mobile version