മന്ത്രി കെടി ജലീലിനെതിരെ കരിങ്കൊടി പ്രതിഷേധം; മൂന്ന് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം പാര്‍ലമന്റെ് മണ്ഡലം വൈസ് പ്രസിഡന്റ് ആര്‍ ഒ അരുണ്‍, തിരുവനന്തപുരം നിയോജകമണ്ഡലം സെക്രട്ടറി രജിത്ത് ലാല്‍, കെഎസ്‌യു സംസ്ഥാന സെക്രട്ടറി നബീല്‍ കല്ലമ്പലം എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

എംജി സര്‍വകലാശാല മാര്‍ക്ക് ദാനത്തില്‍ ഇടപെട്ട മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിക്കുകയായിരുന്നു.

ഔദ്യോഗിക വസതിയില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് പോകവെ പാളയം എല്‍എംഎസ് ജങ്ഷനില്‍ വെച്ചായിരുന്നു പ്രതിഷേധം. പൈലറ്റ് വാഹനം കടന്നുപോയതിന് പിന്നാലെ കരിങ്കൊടികളുമായി പ്രവര്‍ത്തകര്‍ പാഞ്ഞെത്തി. പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിന് മുന്നില്‍ എത്തിയതോടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Exit mobile version