മരടിലെ 38 ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചു; തുക അക്കൗണ്ടുകളിലേക്ക്

കൊച്ചി: മരടിലെ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട ഫ്‌ളാറ്റുകളിലെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കി. 38 ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ആദ്യഘട്ടത്തില്‍ നടപടിയായത്. ഇതിനായി 6.98 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

തുക ഫ്ലാറ്റ് ഉടമകളുടെ അക്കൗണ്ട് വഴി ഉടന്‍ കൈമാറും. മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്ക് 25ന് അകം നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് പ്രകാരമാണ് നടപടി.

നടപടി ക്രമങ്ങളിലെ പുരോഗതി ഈ മാസം 25ന് സുപ്രീംകോടതിയെ അറിയിക്കേണ്ടതുണ്ട്. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതി നഷ്ടപരിഹാരത്തിനു ശുപാര്‍ശ ചെയ്ത ഫ്ലാറ്റ് ഉടമകള്‍ക്ക് ഇതിനു മുന്‍പായി തുക കൈമാറും.

നഷ്ടപരിഹാരത്തിന് അര്‍ഹരായവരില്‍ 23 പേര്‍ കൂടി ഇന്നലെ മരട് നഗരസഭയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 38 ഫ്ലാറ്റ് ഉടമകള്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സമിതി ഇതുവരെ 107 ഫ്ലാറ്റ് ഉടമകള്‍ക്കാണ് നഷ്ടപരിഹാരം ശുപാര്‍ശ ചെയ്തിട്ടുള്ളത്.

അതേസമയം, മരട് ഫ്ലാറ്റ് കേസിലെ അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്ക് നീങ്ങുകയാണ്. മരടിലെ മുന്‍ പഞ്ചായത്ത് ഭരണസമിതിയില്‍ ഉണ്ടായിരുന്ന 21 അംഗങ്ങളോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. നാളെ മുതലാണു രണ്ടു പേര്‍ വീതം ഹാജരാകാന്‍ നോട്ടിസ് കൊടുത്തിരിക്കുന്നത്. ഇവരെ കേസില്‍ സാക്ഷികളാക്കും.

Exit mobile version