കാന്താരി തൊട്ടാൽ പൊള്ളും; വില കിലോയ്ക്ക് 1200; പതിനായിരങ്ങൾ സമ്പാദിക്കാൻ ഇനി ഈ ഒറ്റകൃഷി മതി

ഇടുക്കി: വിനോദ സഞ്ചാരികൾക്കിടയിൽ ഉൾപ്പടെ താരമായതിനാൽ കേരളത്തിൽ കാന്താരി മുളകിന് വില കുതിക്കുന്നു. പറമ്പിൽ കായ്ച്ച് നിൽക്കുന്ന നിസാരക്കാരനല്ല ഇപ്പോൾ കാന്താരി. വിലയിൽ ഏറെ മുന്നിൽ ഈ ചെറു മുളക്, വലിയ മുളകുകളെ കടത്തിവെട്ടും.

കാന്താരി വില കിലോയ്ക്ക് ആയിരം കടക്കാൻ കാരണം കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗം തടയാനും കഴിയുമെന്ന കണ്ടെത്തലാണ്. ഇതോടൊപ്പം ചില ആയുർവേദ ഔഷധങ്ങൾക്ക് കാന്താരി പ്രധാന ഘടകമായി മാറിയതും ആവശ്യം വർധിപ്പിച്ചു. ഇടുക്കിയിൽ ധാരാളം കാന്താരി കൃഷി നടക്കുന്നതിനാൽ 300-600 രൂപയാണ് കാന്താരിയുടെ വില. മറ്റിടങ്ങളിൽ വില 1000 – 1200 രൂപ വരെയെത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് ഇപ്പോൾ കാന്താരിക്ക് വൻ ഡിമാന്റ്. സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ കാന്താരി ഉപ്പിലിട്ടതും കാന്താരി അച്ചാറും സുർക്കയിലിട്ട കാന്താരിയും ഒക്കെ യഥേഷ്ടം വാങ്ങി കൊണ്ടുപോവുകയാണ്. ആവശ്യക്കാർ ഏറുന്നുണ്ടെങ്കിലും ധാരാളം ലഭിക്കാനില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.

പൊതുവെ നന്നായി കായ്ക്കുന്ന കുഞ്ഞിച്ചെടിയാണ് കാന്താരി മുളകിന്റേത്. കീടങ്ങളുടെ ആക്രമണ സാധ്യതയും മറ്റു ചെടികളെക്കാൾ കുറവാണ്. ഇലപ്പേൻ രൂപത്തിലുള്ള ഒരു കീടം ഇലകൾക്കിടയിൽ വന്നു നിറയുന്നതാണ് പ്രധാന കീടബാധ. പരിഹാരമായി വേപ്പെണ്ണ (10 ലീറ്റർ വെള്ളത്തിൽ 100 മില്ലി) നേർപ്പിച്ച് തളിക്കുകയോ ഗോമൂത്രം തളിക്കുകയോ ചെയ്താൽ മതി. ഇലകൾ ചുരുണ്ട് വളർച്ച മുരടിക്കുന്നതിനു ചുരുണ്ട ഭാഗങ്ങൾ മുറിച്ചുമാറ്റി കഞ്ഞിവെള്ളം തളിച്ചുകൊടുത്താൽ മാറും.

Exit mobile version