ടാക്‌സ് വെട്ടിച്ച് കോളേജ് വിദ്യാർത്ഥികളേയും കൊണ്ട് ‘ട്രിപ്പടിക്കൽ’; പിടികൂടി ഓട്ടം നിർത്തിച്ച് മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട്: ടാക്‌സ് വെട്ടിച്ച് ഓടിയതിന് ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി. വിദ്യാർത്ഥികളുമായി ടൂറ് പോകാൻ ബസ് ജീവനക്കാർ തയ്യാറെടുക്കുന്നതിനിടെയാണ് ബസ് പിടികൂടിയത്. കോഴിക്കോട് ഐഎച്ച്ആർഡി കോളേജിൽ നിന്നും വിദ്യാർത്ഥികളെ ടൂറിന് കൊണ്ടുപോകാനെത്തിയപ്പോഴാണ് ഗോഡ് ഫാദർ എന്ന ടൂറിസ്റ്റ് ബസ് പിടികൂടിയത്.

കൊല്ലത്തു നിന്നും അനധികൃത സൗണ്ട് സിസ്റ്റവും ലേസർ ലൈറ്റുകളും ഘടിപ്പിച്ചാണ് ബസ് എത്തിയത്. കോഴിക്കോട് ജില്ലാ സിസിഒഎ നൽകിയ പരാതിയെ തുടർന്ന് കോഴിക്കോട് എൻഫോഴ്സ്മെന്റ് എഎം വി ഐ കിരൺകുമാർ, വിഷ്ണു, ബിനു എന്നിവർ ചേർന്നാണ് വാഹനം പിടികൂടിയത്.

ബസിൽ കയറി നടത്തിയ വിശദമായ പരിശോധനയിൽ പുഷ്ബാക് സീറ്റ് ടാക്സ് വെട്ടിപ്പ് ഉൾപ്പടെ പ്രതിവർഷം അമ്പതിനായിരത്തോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് കണ്ടെത്തൽ. ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

Exit mobile version