കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ; അടിയന്തിര നടപടി മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ. അടിയന്തര മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമൊരുങ്ങുന്നത്.

ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ കോര്‍ത്തിണക്കിയാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ നടപ്പാക്കുന്നത്. ആദ്യത്തെ ഓപ്പറേഷന്‍ കലൂര്‍ സബ് സ്റ്റേഷനില്‍ രാത്രി പത്തു മണിക്ക് നടക്കും. ഫയര്‍ ഫോഴ്സ്, പോലീസ്, ഇറിഗേഷന്‍, റവന്യൂ വകുപ്പുകള്‍ ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷന്‍ കളക്ടര്‍ നേരിട്ട് നേതൃത്വം നല്‍കും

എറണാകുളത്ത് ഇന്നലെ മുതല്‍ പെയ്യുന്ന മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. ജില്ലയില്‍ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളിലായി 1600ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.

റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version