പോളിംഗ് അവസാനിച്ചു: അരൂരില്‍ 76.04 ശതമാനം, എറണാകുളത്ത് മഴ ബാധിച്ചു, പോളിംഗ് 54.7 ശതമാനം മാത്രം

കൊച്ചി: സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കൂടുതല്‍ പോളിംഗ് അരൂരില്‍. പോളിംഗ് അവസാനിച്ചെങ്കിലും ആറു മണിക്ക് മുന്‍പ് ക്യൂവിലെത്തിയ വോട്ടര്‍മാര്‍ക്ക് സ്ലിപ്പ് നല്‍കി വോട്ട് ചെയ്യാന്‍ അവസരം നല്‍കും.

അതിശക്തമായ മഴയെ തുടര്‍ന്ന് എറണാകുളത്തെ ആറ് ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു. മിക്ക ബൂത്തുകളിലും ആദ്യമണിക്കൂറില്‍ പോളിങ് മന്ദഗതിയിലായിരുന്നു. അരൂരില്‍ 76.04 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച യുവതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. വട്ടിയൂര്‍ക്കാവില്‍ ഇരട്ട വോട്ട് ആരോപണവും ഉയര്‍ന്നു.

വട്ടിയൂര്‍ക്കാവില്‍ 64.4 ശതമാനം വോട്ട് രേഖപ്പെടുത്തി. കോന്നിയില്‍ 70.6, അരൂരില്‍ 75.9, മഞ്ചേശ്വരത്ത് 71.42 ശതമാനവും വോട്ട് രേഖപ്പെടുത്തി. മഴ കനത്തതോടെ വെള്ളക്കെട്ട് രൂക്ഷമായ എറണാകുളത്ത് 54.7 ശതമാനം വോട്ടിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്.

എറണാകുളത്ത് ആവശ്യമെങ്കില്‍ സമയം നീട്ടി നല്‍കുമെന്നും വോട്ടര്‍മാര്‍ സഹകരിക്കണമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോളിംഗ് സാധാരണ ഗതിയില്‍ തന്നെ നടക്കുകയായിരുന്നു.

Exit mobile version