മഴ കുറഞ്ഞു; അരൂരില്‍ വോട്ടര്‍മാര്‍ സജീവം

ആദ്യഘട്ടത്തില്‍ പോളിങ് മന്ദഗതിയിലായിരുന്നെങ്കിലും നിലവില്‍ 51.45 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.

ആലപ്പുഴ: മഴ ശക്തി കുറഞ്ഞതോടെ അരൂരിലെ വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍ സജീവം. അരൂരിലെ 183 ബൂത്തുകളില്‍ മിക്ക സ്ഥലങ്ങളിലും നീണ്ട നിരതന്നെയുണ്ട്. ആദ്യഘട്ടത്തില്‍ പോളിങ് മന്ദഗതിയിലായിരുന്നെങ്കിലും നിലവില്‍ 51.45 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തെരഞ്ഞടുപ്പുകളില്‍ അരൂരില്‍ മികച്ച പോളിങ് ശതമാനമുണ്ടായിരുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 86 ശതമാനവും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 84 ശതമാനവും പോള്‍ ചെയ്തിരുന്നു.

മഴ കാരണം ആദ്യ മണിക്കൂറുകളില്‍ പോളിങ് തീരെകുറവായിരുന്നെങ്കിലും പതിനൊന്ന് മണിയോട് കൂടി വോട്ടര്‍മാര്‍ എത്തിതുടങ്ങുകയായിരുന്നു. ലത്തീന്‍ സമുദായത്തിന് മേല്‍ക്കൈ ഉള്ള എഴുപുന്ന തുടങ്ങിയ മേഖലകളില്‍ നല്ല പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഇവിടെ വോട്ടിംഗ് ശതമാനം ക്രമാനുഗതമായി ഉയരുന്നുണ്ട്. പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, തീരദേശ മഖലകളില്‍ നിന്നാണ് കൂടുതലായി വോട്ടിംഗ് ശതമാനം കൂടിയിരിക്കുന്നത്. പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം തുടങ്ങിയവ എല്‍ഡിഎഫിന് ശക്തമായ വേരോട്ടം ഉള്ള സ്ഥലങ്ങളാണ്.

അരൂര്‍, അരുക്കുറ്റി, എഴുപുന്ന തുടങ്ങിയ മേഖലകളിലാണ് യുഡിഎഫ് പ്രതീക്ഷകള്‍. ബിജെപിക്ക് കാര്യമായ വോട്ടുകളുള്ള തുറവൂര്‍ പഞ്ചായത്തില്‍ നിലവില്‍ വോട്ടിംഗ് ശതമാനം കുറവുണ്ട്. അതേസമയം, വരും മണിക്കൂറുകളില്‍ കൂടുതല്‍ വോട്ടര്‍മാരെ ബൂത്തുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും.

Exit mobile version