തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മണ്ഡലത്തിലും വോട്ടെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. കൊച്ചിയിലെ ചില ബൂത്തുകളില്‍ മാത്രമാണ് പോളിങിന് മഴ തടസ്സം സൃഷ്ടിച്ചതെന്നും അവിടെ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയെന്നും മീണ അറിയിച്ചു.
പോളിങ് ഒട്ടും നടത്താനാവാത്ത സാഹചര്യത്തില്‍ മാത്രമാണ് വോട്ടെടുപ്പു മാറ്റിവയ്ക്കുക. അത്തരം സാഹചര്യം സംസ്ഥാനത്ത് എവിടെയുമില്ല. മഴ പ്രതികൂലമായി ബാധിച്ച സ്ഥലങ്ങളില്‍ വോട്ടു രേഖപ്പെടുത്താന്‍ കൂടുതല്‍ സയമം അനുവദിക്കുന്ന കാര്യം, സാഹചര്യം അനുസരിച്ച് തീരുമാനിക്കും. കലക്ടറുമായും നിരീക്ഷകരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര തെരഞ്ഞടുപ്പു കമ്മിഷനുമായി കൂടിയാലോചിച്ചാണ് വോട്ടിങ്ങിന് അധിക സമയം നല്‍കുന്നതു ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. വോട്ടര്‍മാര്‍ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും ടിക്കാറാം മീണ അഭ്യര്‍ത്ഥിച്ചു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളില്‍ എറണാകുളത്താണ് കനത്ത മഴ പെയ്തത്. കൊച്ചി നഗരത്തിലെ പത്തു ബൂത്തുകളിലാണ് വെള്ളം കയറിയത്. ഇവിടങ്ങളിലെ ബൂത്തുകള്‍ ഒന്നാംനിലയിലേക്കു മാറ്റി സ്ഥാപിച്ചു. പോളിങ് നാല് മണിക്കൂര്‍ പിന്നിട്ടിട്ടും പത്തു ശതമാനത്തില്‍ താഴെയാണ് എറണാകുളത്തെ വോട്ടിങ് നില. മഞ്ചേശ്വരം ഒഴികെ നാലു മണ്ഡലങ്ങളിലും പോളിങ് മന്ദഗതിയിലാണ്.
