റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ സ്മൃതിദിനം ഇന്ന്; സുരക്ഷാസംവിധാനങ്ങളും ബോധവത്കരണവും ഊര്‍ജിതമാക്കി കേരളാ പോലീസ്

അപകടമരണങ്ങള്‍ കേരളത്തില്‍ താരതമ്യേന കുറവാണെങ്കിലും പരുക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ മുന്നിലാണ്

തിരുവനന്തപുരം: നവംബറിലെ മൂന്നാമത്തെ ഞായറാഴ്ച റോഡ് അപകടങ്ങളില്‍ മരണപ്പെട്ടവരുടെ ഓര്‍മദിനമായി ലോകമെങ്ങും ആചരിക്കുന്നു. റോഡപകടങ്ങളുടെ കാര്യത്തിലും കേരളം മുന്‍നിരയിലാണ്. മോട്ടോര്‍ വാഹനനിയമ ലംഘനങ്ങള്‍ കര്‍ശനമാക്കിയും സുരക്ഷാസംവിധാനങ്ങളും ബോധവത്കരണവും ഊര്‍ജിതമാക്കിയും അപകടങ്ങള്‍ കുറയ്ക്കാനുള്ള ശ്രമത്തിലാണ് കേരളാ പോലീസ്.തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരളാ പോലീസ് ഇത് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പ്രകാരം അപകടങ്ങളുടെ എണ്ണത്തില്‍ നാലാമതും അഞ്ചാമതും സ്ഥാനങ്ങളില്‍ കേരളം ഇടംപിടിച്ചിരുന്നു. അപകടമരണങ്ങള്‍ കേരളത്തില്‍ താരതമ്യേന കുറവാണെങ്കിലും പരുക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ മുന്നിലാണ്. ജനസംഖ്യാനുപാതികമായും വാഹന അനുപാതത്തിലും കേരളത്തിലെ റോഡ് അപകടങ്ങളുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ വളരെക്കൂടുതലാണ്.

വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങളുടെ മുഖ്യകാരണം അതുകൊണ്ടുതന്നെ ഡ്രൈവര്‍മാരുടെ പിഴവാണ് അപകടങ്ങളുടെ വര്‍ദ്ധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നതെന്നും കേരളാ പോലീസ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘നവംബറിലെ മൂന്നാമത്തെ ഞായറാഴ്ച: റോഡ് അപകടങ്ങളില്‍ മരണപ്പെട്ടവരുടെ ഓര്‍മദിനമായി ലോകമെങ്ങും ആചരിക്കുകയാണ്.

റോഡ് അപകടങ്ങളുടെ കാര്യത്തില്‍ രാജ്യത്തു മുന്‍നിരയിലാണ് നമ്മുടെ കൊച്ചു കേരളം. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പ്രകാരം അപകടങ്ങളുടെ എണ്ണത്തില്‍ നാലാമതും അഞ്ചാമതും സ്ഥാനങ്ങളില്‍ കേരളം ഇടപിടിച്ചിരുന്നു. അപകടമരണങ്ങള്‍ കേരളത്തില്‍ താരതമ്യേന കുറവാണെങ്കിലും പരുക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ മുന്നിലാണ്. ജനസംഖ്യാനുപാതികമായും വാഹനഅനുപാതത്തിലും കേരളത്തിലെ റോഡ് അപകടങ്ങളുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ വളരെക്കൂടുതലാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അപകടങ്ങള്‍, മരണപ്പെട്ടവരുടെ എണ്ണം
പരിക്കേറ്റവരുടെ എണ്ണം ഇപ്രകാരമാണ്

2013 – 35215 4258 40346
2014 – 36282 4049 41096
2015 – 39014 4196 43735
2016 – 39420 4287 44108
2017 – 38470 4131 42671

ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ 33275 റോഡ് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 3467 പേര്‍ മരണപ്പെടുകയും 37681 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്

വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങളുടെ മുഖ്യകാരണം അതുകൊണ്ടുതന്നെ ഡ്രൈവര്‍മാരുടെ പിഴവാണ് അപകടങ്ങളുടെ വര്‍ദ്ധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്. അപകടങ്ങളില്‍ പരിക്കേല്‍ക്കുകയും മരണമടയുകയും ചെയ്യുന്നവരിലധികവും ഇരുചക്രവാഹനയാത്രക്കാരും കാല്‍നടയാത്രക്കാരുമാണ് . വൈകിട്ട് മൂന്നുമണിക്കും രാത്രി 9 മണിക്കും ഇടയിലുള്ള സമയത്താണ് കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഏറ്റവുമധികം റോഡ് അപകടങ്ങളുണ്ടാകുന്ന രാജ്യത്തെ 50 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, കൊല്ലം, മലപ്പുറം, തിരുവനന്തപുരം, തൃശൂര്‍ എന്നീ ഏഴു നഗരങ്ങളുണ്ട്. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുള്ളത്.

മോട്ടോര്‍ വാഹനനിയമ ലംഘനങ്ങള്‍ കര്‍ശനമാക്കിയും സുരക്ഷാസംവിധാനങ്ങളും ബോധവത്കരണവും ഊര്‍ജിതമാക്കിയും അപകടങ്ങള്‍ കുറയ്ക്കാനുള്ള ശ്രമമാണു കേരളപോലീസ് നടത്തുന്നത്. വാഹനമോടിക്കുന്നവരും കാല്‍നടയാത്രക്കാരും പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിദാന്തജാഗ്രത പാലിച്ചാല്‍ മാത്രമേ നമ്മുടെ നിരത്തുകള്‍ വീണ്ടും ചോരക്കളങ്ങള്‍ ആകാതിരിക്കൂ.. നമ്മെ കാത്തിരിക്കുന്നവരുടെ കണ്ണീര്‍ പൊഴിയാതിരിക്കൂ…

ശുഭയാത്ര .’

 

Exit mobile version