കനത്ത മഴയും നീരൊഴുക്കും; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

അതേസമയം നീരൊഴുക്കിന്റെ ശക്തി ചെറുതായി കുറഞ്ഞിട്ടുണ്ടെങ്കിലും നെയ്യാറിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തി പ്രാപിച്ചിരിക്കുകയാണ്. കനത്ത മഴയും നീരൊഴുക്കും ഉള്ളതിനാല്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഡാമിലെ നിലവിലെ ജലനിരപ്പ് 83. 45 മീറ്റര്‍ ആണ്. പരമാവധി ജലനിരപ്പ് 84.750 മീറ്റര്‍ ആണ്. നാലിഞ്ച് ഉയര്‍ത്തിയിരുന്ന ഷട്ടര്‍ നീരൊഴുക്ക് കാരണം ആറിഞ്ചായി ഉയര്‍ത്തിയിരിക്കുകയാണ്. ഇതോടെ 31 മീറ്റര്‍ ക്യൂബ് പെര്‍ സെക്കന്‍ഡ് ജലമാണ് ഡാമില്‍ നിന്ന് പുറത്തേക്കു ഒഴുകുന്നത്. അതേസമയം നീരൊഴുക്കിന്റെ ശക്തി ചെറുതായി കുറഞ്ഞിട്ടുണ്ടെങ്കിലും നെയ്യാറിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍,കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് ഭാഗികമായോ പൂര്‍ണ്ണമായോ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. അതേസമയം ഇന്ന് നടക്കാന്‍ ഇരിക്കുന്ന യൂണിവേഴ്‌സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്ക് മാറ്റമില്ല. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version