താമസം താത്കാലികമായി നിര്‍മ്മിച്ച ഷെഡുകളിലും വഴിയോരത്തും; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും കിടക്കുന്നത് ഷീറ്റ് വിരിച്ച് തറയില്‍! ശബരിമല ഡ്യൂട്ടിക്ക് നില്‍ക്കുന്ന പോലീസുകാര്‍ക്കും ദുരിതം

നിലക്കലിലെ ബേസ്‌ക്യാമ്പില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതാണ് പോലീസിന് തിരിച്ചടിയാകുന്നത്.

ശബരിമല: മണ്ഡലകാലത്തിന് ആരംഭമായതോടെ പോലീസ് സേനയും സജ്ജമായികഴിഞ്ഞു. സംഘര്‍ഷ സാധ്യതയും സുരക്ഷാ ഭീഷണിയും നേരിടുന്ന സാഹചര്യത്തില്‍ വന്‍ സന്നാഹമാണ് ശബരിമലയില്‍ തമ്പടിച്ചിരിക്കുന്നത്. രാപകല്‍ ഇല്ലാതെ ശബരിമലയിലെ ക്രമസമാധാന നില നിര്‍ത്താന്‍ കഷ്ടപ്പെടുന്ന പോലീസിനും ജീവിതം ദുരിതം തന്നെയാണ്. 15,300 പോലീസുകാരെയാണ് ഇത്തവണ സര്‍ക്കാര്‍ ശബരിമല അനുബന്ധ ജോലികള്‍ക്കായി വിന്യസിച്ചിരിക്കുന്നത്.

നിലക്കലിലെ ബേസ്‌ക്യാമ്പില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതാണ് പോലീസിന് തിരിച്ചടിയാകുന്നത്. പകല്‍ മുഴുവന്‍ ഭക്തരെ നിയന്ത്രിച്ചും സൗകര്യങ്ങള്‍ ഒരുക്കിയും ആ സമയം തന്നെ പ്രതിഷേധക്കാരെ മാറ്റിയും കഷ്ടപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ താമസിക്കുന്ന സ്ഥലം വളരെ ശോചനീയമായ അവസ്ഥയിലാണ്. താത്കാലിക ഷെഡ്ഡുകളിലും മറ്റ് പലയിടത്തുമാണ് ഇവര്‍ക്കായുള്ള താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. രാത്രി തലചായ്ക്കാം പക്ഷേ സൗകര്യങ്ങള്‍ ഇല്ല. നിലത്ത് ഷീറ്റ് വിരിച്ചാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും കിടക്കുന്നത്.

എസ്ഐ റാങ്കിലടക്കമുള്ള ഉദ്യോഗസ്ഥര്‍ പോലും കിടക്കുന്നത് വെറുംനിലത്താണ്. ഒരു ദിവസം ഒരു പോലീസ് ഓഫീസര്‍ക്ക് കുറഞ്ഞത് 12 മണിക്കൂര്‍ ഡ്യുട്ടി ഉണ്ടാകും. 16 ദിവസം തുടര്‍ച്ചയായി ഇത്തരത്തില്‍ ജോലിയും ചെയ്യണം. സാധാരണ ശാന്തമായി അവസാനിക്കുന്നതാണ് ശബരിമല ഉത്സവകാലം. എന്നാല്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉള്ള സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരില്‍ പോലും ഇത്തവണത്തെ ജോലി ശാരീരികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് ആക്ഷേപം. പ്രളയത്തില്‍ സംഭവിച്ച നാശനഷ്ടങ്ങളും, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി പോലീസുകാരെ നിയോഗിക്കേണ്ടിവന്നതുമാണ് നിലവിലെ സാഹചര്യതിന് കാരണമായതെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.

Exit mobile version