അച്ഛനും അമ്മയും ഇല്ലാത്തതിന്റെ ഒരു വിഷവും അവര്‍ അനുഭവിക്കില്ല; മക്കളെ ഏറ്റെടുക്കാന്‍ തയ്യാറെന്ന് റോജോയും റെഞ്ചിയും

ദേശീയ മാധ്യമത്തോടായിരുന്നു ഇരുവരുടെയും പ്രതികരണം.

കോഴിക്കോട്: കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പര പുറത്തു കൊണ്ടുവരാന്‍ നിമിത്തമായത് കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോയാണ്. സമാനമായ മരണങ്ങളില്‍ സംശയം ഉടലെടുത്തതിനെ തുടര്‍ന്നാണ് അമേരിക്കയിലുള്ള റോജോ പരാതി കൊടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ചുരുള്‍ അഴിഞ്ഞത്. ഇപ്പോള്‍ ജോളിയുടെ മക്കളെ ഏറ്റെടുക്കാന്‍ തയ്യാറെന്ന് അറിയിച്ചിരിക്കുകയാണ് റോജോയും സഹോദരി റെഞ്ചിയും.

സഹോദരന്‍ റോയി തോമസിന്റെ മക്കളാണ് റോമോയും റൊണാള്‍ഡും. ഇരുവരെയുമാണ് ഏറ്റെടുക്കാമെന്ന സന്നദ്ധത റോജോ അറിയിച്ചിരിക്കുന്നത്. തങ്ങള്‍ എവിടെയുണ്ടോ അവിടെ ഞങ്ങളോടൊപ്പം അവരും ഉണ്ടാകുമെന്നും ഇരുവരും പറഞ്ഞു. ദേശീയ മാധ്യമത്തോടായിരുന്നു ഇരുവരുടെയും പ്രതികരണം.

അച്ഛനും അമ്മയും ഇല്ലാത്തതിന്റെ ഒരു വിഷമവും അവര്‍ അനുഭവിക്കേണ്ടി വരില്ല. കുട്ടികളുടെ പഠനത്തിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. മൂത്തമകന്‍ റോമൊ ഷിംലയില്‍ കോളേജില്‍ പഠിക്കുകയാണ്. നവംബര്‍ ആദ്യ ആഴ്ചയില്‍ റോമോ പഠനത്തിനായി ഷിംലയിലേക്ക് തിരികെ പോകും. ഇളയ മകന്‍ റൊണാള്‍ഡ് താമരശ്ശേരിയില്‍ സിബിഎസ്ഇ സ്‌കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുകയാണ്. അവന് ഹോസ്റ്റലില്‍ നിന്ന് പഠനം തുടരണോ, ഹോം ട്യൂഷന്‍ ഏര്‍പ്പാടാക്കണോ തുടങ്ങിയ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും റെഞ്ചി പറഞ്ഞു.

Exit mobile version