താൻ പൊന്നാമറ്റം വീട്ടിൽ ഉറങ്ങാതെ മുൻകരുതലെടുത്തു:റോജോ തോമസ്

കോഴിക്കോട്: അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയ റോജോ തോമസ് ഇന്നലെ അന്വേഷണസംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത് ഒമ്പത് മണിക്കൂറോളം. തനിക്ക് പരാതി പിൻവലിക്കാൻ സമ്മർദ്ദമുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരനായ റോജോ മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതി പിൻവലിക്കണമെന്ന് ജോളി ആവശ്യപ്പെട്ടിരുന്നു. വസ്തു ഇടപാടിലെ ധാരണയ്ക്ക് പകരം കേസ് പിൻവലിക്കാനായിരുന്നു ആവശ്യം. എന്നാൽ പരാതി പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നെന്നും റോജോ പറഞ്ഞു.

കേസിൽ ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ല. ചില സംശയങ്ങളും സൂചനകളും അനുസരിച്ചാണ് പരാതി നൽകിയത്. തിരിച്ചടിക്കുമോ എന്നുപോലും ഭയപ്പെട്ടു. ഇപ്പോൾ സത്യങ്ങൾ ചുരുളഴിയുന്നുവെന്നും റോജോ പറഞ്ഞു. ജോളി തന്റെ സഹോദരി രഞ്ജി തോമസിനേയും വധിക്കാൻ ശ്രമിച്ചിരുന്നെന്നും റോജോ തോമസ് പറഞ്ഞു. താൻ അമേരിക്കയിൽ ആയതിനാൽ തന്റെ നേരെ വധശ്രമമുണ്ടായില്ല. നാട്ടിൽ വരുമ്പോൾ താൻ പൊന്നാമറ്റം വീട്ടിൽ താമസിക്കാറുണ്ടായിരുന്നില്ലെന്നും റോജോ പറഞ്ഞു. ഭാര്യയുടെ വീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് താമസിച്ചിരുന്നത്. കേസ് അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയുണ്ട്. എസ്പി കെജി സൈമണിൽ വിശ്വസിക്കുന്നുവെന്നും റോജോ പറഞ്ഞു. സഹോദരി രഞ്ജിക്കും ജോളിയുടെ മക്കൾക്കുമൊപ്പമാണ് റോജോ ചോദ്യം ചെയ്യലിന് എസ്പി ഓഫീസിൽ എത്തിയത്.

ജോളി നൽകിയ അരിഷ്ടം കുടിച്ച രഞ്ജി അവശയായെന്നും കണ്ണിൽ മഞ്ഞവെളിച്ചം കണ്ടെന്നുമായിരുന്നു നേരത്തെ രഞ്ജി പോലീസിനു നൽകിയ മൊഴി. ലിറ്റർ കണക്കിനു വെള്ളം കുടിച്ച ശേഷമാണു സാധാരണ നിലയിലായത്. രഞ്ജിയുടെ മകളേയും ജോളി വധിക്കാൻ ശ്രമിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.

Exit mobile version