കെ സുരേന്ദ്രന്‍ റിമാന്‍ഡില്‍, 14 ദിവസം കൊട്ടാരക്കര സബ് ജയിലില്‍

ശനിയാഴ്ച രാത്രിയാണ് നിലയ്ക്കലില്‍നിന്ന് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്കുള്ള യാത്രാമധ്യേ പോലീസ് അറസ്റ്റ് ചെയ്ത സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റാണ് റിമാന്‍ഡ് ചെയ്തത്. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച രാത്രിയാണ് നിലയ്ക്കലില്‍നിന്ന് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.

ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍കരുതലെന്ന നിലയിലാണ് നിലയ്ക്കല്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം രാത്രി 7.30-ന് സുരേന്ദ്രനെയും കൂടെയുണ്ടായിരുന്ന രണ്ടുപേരെയും അറസ്റ്റു ചെയ്തത്. സംഘം ചേരല്‍, പോലീസിന്റെ കൃത്യനിര്‍ഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയത്.

അജി എരുമേലി, സന്തോഷ് മടുക്കോലി എന്നിവരാണ് സുരേന്ദ്രനൊപ്പം അറസ്റ്റിലായത്. ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ പുലര്‍ച്ചെ 3.30 ഓടെ വൈദ്യപരിശോധനയ്ക്കായി പത്തനംതിട്ട ജില്ലാ ആശുപത്രിയിലെത്തിച്ചു. അവിടെ വൈദ്യപരിശോധന നടത്തിയ ശേഷം ഏഴുമണിയോടെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി.

Exit mobile version