ട്രെയിനിനു മുകളില്‍ കയറിയിരുന്ന് ആത്മഹത്യാഭീഷണി മുഴക്കി യുവാവ്; ജീവനക്കാരെയും യാത്രക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയ നിമിഷങ്ങള്‍

കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന് മുകളില്‍ വലിഞ്ഞുകയറിയായിരുന്നു യുവാവിന്റെ ആത്മഹത്യാഭീഷണി

പരപ്പനങ്ങാടി: ട്രെയിനിനു മുകളില്‍ കയറിയിരുന്ന് യുവാവിന്റെ ആത്മഹത്യാഭീഷണി. മലപ്പുറം
പരപ്പനങ്ങാടിയിലാണ് സംഭവം. കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന് മുകളില്‍ വലിഞ്ഞുകയറിയായിരുന്നു യുവാവിന്റെ ആത്മഹത്യാഭീഷണി. സംഭവത്തില്‍ എന്തുചെയ്യണമെന്നറിയാതെ യാത്രക്കാരും ജീവനക്കാരും ആശങ്കയിലായി.

മംഗലാപുരം സ്വദേശി റഹ്മാന്‍(25) ആണ് ട്രെയിനിന് മുകളില്‍ കയറി നിന്ന് ആത്മഹത്യാഭീഷണി മുഴക്കിയത്. പരപ്പനങ്ങാടിയില്‍ നിന്ന് എന്‍ജിനില്‍ ഓടിക്കയറിയതായിരുന്നു യുവാവ്. അതിനിടെ ലോക്കോ പൈലറ്റുമാര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ എന്‍ജിനു മുകളിലേക്ക് വലിഞ്ഞുകയറി. പിന്നീട് ട്രെയിനിന് മുകളിലൂടെ വൈദ്യുതിക്കമ്പി മേലുതട്ടാതെ ഓട്ടമായി.

ഇത് കണ്ട് യാത്രക്കാരും ജീവനക്കാരും എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായവസ്ഥയിലായി. പിന്നീട് കാല്‍മണിക്കൂറോളം കഴിഞ്ഞ് യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് അനുനയിപ്പിച്ച് ഇയാളെ താഴെ ഇറക്കുകയായിരുന്നു. ഏഴുമണിയോടെ യുവാവിനെ കോഴിക്കോട് ആര്‍പിഎഫിനു കൈമാറി. യുവാവ് ചെറുതായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി യാത്രക്കാര്‍ പറഞ്ഞു.

Exit mobile version