ജസ്റ്റിസ് എസ്എ ബോബ്‌ഡെ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. നിലവില്‍ ചീഫ് ജസ്റ്റിസ് ആയ രഞ്ജന്‍ ഗൊഗോയി ബോബ്‌ഡെയുടെ പേര് നിര്‍ദേശിച്ച് കത്തയച്ചു. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ.

അടുത്ത മാസം 17നാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. മധ്യപ്രദേശ് മുന്‍ ചീഫ് ജസ്റ്റിസായിരുന്ന എസ് എ ബോബ്‌ഡെയെ 2013 ഏപ്രില്‍ 12 നാണ് സുപ്രിംകോടതി ജഡ്ജിയായി നിയമിച്ചത്. 1978 ല്‍ ബോംബേ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ അഭിഭാഷകനായി നിയമരംഗത്തെത്തിയ അദ്ദേഹം 2000ലാണ് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്.

മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ചാന്‍സലറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നാഗ്പൂരിലെ അഭിഭാഷക കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ബോബ്‌ഡെയുടെ മുതിര്‍ന്ന സഹോദരന്‍ വിനോദ് അരവിന്ദ് ബോബ്‌ഡെ സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകനാണ്.

Exit mobile version