“ഇംഗ്ലീഷ് പഠിച്ച് തുടങ്ങിയത് എട്ടാം ക്ലാസ്സില്‍ ” : പരിഷ്‌കൃത പ്രസംഗനല്ലെന്നത് തന്റെ പോരായ്മയെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി : താനൊരു പരിഷ്‌കൃത പ്രസംഗനല്ലെന്നും ഇംഗ്ലീഷ് പഠിച്ചു തുടങ്ങിയത് എട്ടാം ക്ലാസ്സിലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ഡല്‍ഹിയിലെ വായു മലിനീകരണം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെയാണ് ഇംഗ്ലീഷ് പരിജ്ഞാനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചയായത്.

ഡല്‍ഹിയിലെ വായു മലിനീകരണത്തിന് കര്‍ഷകര്‍ മാത്രമാണ് കാരണമെന്ന് പറയാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ചില സമയങ്ങളില്‍ തങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായ സന്ദേശം നല്‍കിയേക്കാം എന്നും ഡല്‍ഹിയിലെ വായുമലിനീകരണത്തിന് കര്‍ഷകര്‍ മാത്രമാണ് കാരണമെന്നും പറയാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് തുഷാര്‍ മേത്ത പറഞ്ഞത്. എട്ടാം ക്ലാസിലാണ് താന്‍ ഇംഗ്ലീഷ് പഠിച്ചതെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.

ഇതിന് മറുപടി എന്ന നിലയ്ക്കാണ് ജസ്റ്റിസ് രമണ തന്റെ ഭാഗം അവതരിപ്പിച്ചത്. താനും എട്ടാം ക്ലാസിലാണ് ഇംഗ്ലീഷ് ആദ്യമായി പഠിക്കുന്നതെന്നും തെലുങ്ക് ആയിരുന്നു തന്റെ മീഡിയമെന്നും അദ്ദേഹം അറിയിച്ചു. ആശയം പ്രകടിപ്പിക്കാന്‍ നല്ല ഇംഗ്ലീഷില്ലാത്തത് തന്റെ പോരായ്മയാണെന്നും അദ്ദേഹം പറഞ്ഞു. വായുമലിനീകരണത്തിന് കര്‍ഷകരെ മാത്രം കുറ്റം പറയരുതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Exit mobile version