അവസാന ശ്വാസം വരെ എനിക്കീ ലോകത്ത് ഒരു ഡ്യൂട്ടിയേ ഉള്ളൂ, എന്റെ പെങ്ങളൂട്ടിക്ക് തണലായി നില്‍ക്കുക; അടര്‍ന്നു വീണ കണ്ണുനീര്‍ തുടച്ച് ഈ ഏട്ടന്‍ പറയുന്നു

എട്ട് വര്‍ഷം മുന്‍പാണ് ഇവരുടെ അച്ഛന്‍ മരിച്ചത്.

കൊച്ചി: ‘അവള്‍ക്കു വേണ്ടി ഈ ഭൂമിയില്‍ ജനിക്കുക… അവള്‍ക്കു വേണ്ടി ജീവിക്കുക… അവള്‍ക്കു വേണ്ടി മരിക്കുക…’ സോഷ്യല്‍മീഡിയയില്‍ വൈറലായി ആ ഏട്ടന്റെ വാക്കുകളാണ് ഇത്. നിശ്ചയ ദിവസത്തില്‍ പട്ടുകുപ്പായത്തില്‍ തിളങ്ങി നില്‍ക്കേണ്ട കല്യാണ ചെക്കന്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ആവാത്ത പെങ്ങളൂട്ടിയെ ഒക്കത്ത് എടുത്ത് നില്‍ക്കുകയായിരുന്നു.

ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതോടെയാണ് ഇരുവരുടെയും നിറഞ്ഞ് നിന്ന സഹോദര ബന്ധം പുറംലോകം അറിഞ്ഞത്. ഇപ്പോള്‍ തന്റെ ജീവിതം തന്നെ തന്റെ പെങ്ങള്‍ മീനൂട്ടിക്ക് വേണ്ടിയാണെന്ന് മനു എന്ന ഹരിപ്രസാദ് പറയുന്നത്. ദൈവത്തിന് എന്റെ പെങ്ങളൂട്ടിയോട് അസൂയ തോന്നിക്കാണും. അല്ലെങ്കില്‍ അവളെ ഇങ്ങനെ ഈ ഭൂമിയിലേക്ക് വിടില്ലല്ലോ എന്ന് ഹരി നിറകണ്ണുകളോടെ പറഞ്ഞു. എന്നാലും ഇനിയുള്ള ജീവിതത്തിലും അവള്‍ക്ക് തണലായി തന്നെ മുന്‍പോട്ട് പോകുമെന്നും ഹരി കണ്ണുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു.

എട്ട് വര്‍ഷം മുന്‍പാണ് ഇവരുടെ അച്ഛന്‍ മരിച്ചത്. പിന്നീടിങ്ങോട്ട് ഈ പെങ്ങളുടെ അച്ഛനും ചേട്ടനുമെല്ലാം ഹരിപ്രസാദ് ആയിരുന്നു. ‘പലപ്പോഴും ഞാന്‍ ചിന്തിക്കും, അവളുടെ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ എല്ലാവിധ അനുഗ്രഹങ്ങളോടെയും ഈ മണ്ണില്‍ ജീവിക്കുമ്പോള്‍ എന്റെ പെങ്ങള്‍ മാത്രം’ ഹരിക്ക് പറഞ്ഞു മുഴുവിപ്പിക്കാന്‍ സാധിച്ചില്ല.

ഹരിപ്രസാദിന്റെ വാക്കുകള്‍;

അവള്‍ക്കു വേണ്ടി ഈ ഭൂമിയില്‍ ജനിക്കുക… അവള്‍ക്കു വേണ്ടി ജീവിക്കുക… അവള്‍ക്കു വേണ്ടി മരിക്കുക… ജനനം മുതല്‍ മരണം വരെ ദൈവം ഓരോരുത്തര്‍ക്കും ഓരോ നിയോഗങ്ങള്‍ നല്‍കിയിട്ടുണ്ട്. സംശയിക്കേണ്ട അവസാന ശ്വാസം വരെ എനിക്കീ ലോകത്ത് ഒറ്റ ഡ്യൂട്ടിയേ ഉള്ളൂ. എന്റെ പെങ്ങളൂട്ടിക്ക് തണലായി ഇങ്ങനെ അങ്ങ് ജീവിച്ചു പോകുക. അവളെനിക്ക് എല്ലാമാണ്.

എനിക്കു മുമ്പേ അവളുടെ വിവാഹം സ്വപ്നം കണ്ടവനാണ് ഞാന്‍. പക്ഷേ ഇന്നും ഒരു കൊച്ചു കുഞ്ഞിനെ പോലെ അത്രമാത്രം വയ്യായ്കയും പേറിയാണ് അവള്‍ ജീവിക്കുന്നത്. അവളെ സ്‌നേഹിക്കുന്നതിന് തടസമായി ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന് ഒരിക്കലും ഞാന്‍ കരുതിയതല്ല. ജീവിതം മുഴുവന്‍ മീനൂട്ടിക്കായി മാറ്റിവച്ചവനാണ് ഞാന്‍. പക്ഷേ ഞാന്‍ മനസില്‍ പോലും വിചാരിച്ചിട്ടില്ലാത്ത വിവാഹക്കാര്യം പണ്ടേക്കു പണ്ടേ അവള്‍ കുറിച്ചിട്ടിരുന്നു. ഞാനൊരു വിവാഹം കഴിക്കണം എന്നത് അവളുടെ സ്വപ്നമാണ്. എന്റെ ഇഷ്ടങ്ങള്‍ക്ക് തടസമാകരുത് എന്ന് അവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ശരിക്കും പറഞ്ഞാല്‍ എന്റെ വിവാഹം അവളുടെ സ്വപ്നസാക്ഷാത്കാരമാണ്.

ജന്മനാ എന്റെ കുഞ്ഞിന് അരയ്ക്ക് താഴോട്ട് ജീവനില്ല. അതു കൊണ്ട് മാത്രം തീര്‍ന്നില്ല പരീക്ഷണം. അവളുടെ ഹൃദയ വാല്‍വിന് തകരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. കേള്‍വി ശക്തിയില്ല, മുതുകില്‍ നിന്ന് നീക്കം ചെയ്യാനാകാത്ത മുഴ, ഏതു സമയവും ചക്ര കസേരയില്‍. ഇരുപത്തിയെട്ടു വയസായി എന്റെ കുഞ്ഞിന്. ഇതു വരേയും ഇക്കണ്ട പരീക്ഷണങ്ങളില്‍ നിന്ന് ഒരു മോചനം ദൈവം തന്നിട്ടില്ല. പലപ്പോഴും ഞാന്‍ ചിന്തിക്കും, അവളുടെ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ എല്ലാവിധ അനുഗ്രഹങ്ങളോടെയും ഈ മണ്ണില്‍ ജീവിക്കുമ്പോള്‍ എന്റെ പെങ്ങള്‍ മാത്രം…

ശാരീരിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ട് എന്റെ കുട്ടിക്ക്. പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും മറ്റുള്ളളരുടെ സഹായം തേടണം. പക്ഷേ ഇന്നു വരെ എന്റെ കുഞ്ഞിനെ ഞാനും അമ്മയും ആ ബുദ്ധിമുട്ട് അറിയിച്ചിട്ടില്ല. ഇരുപത്തിയെട്ട് വയസായെങ്കിലും ഒരു കൊച്ചു കുഞ്ഞിനെ എങ്ങനെയാണോ പരിചരിക്കുന്നത് അതു പോലെയാണ് ഞങ്ങള്‍ അവളെ നോക്കുന്നത്. അവളുടെ കൈയും കാലും ശരീരവും എല്ലാം ഞാനാണ്. അവള്‍ക്കാഗ്രഹമുള്ളിടത്തേക്ക് എല്ലാം ഞാന്‍ കൊണ്ടു പോകും. വയ്യായ്ക ഉണ്ടെന്ന തോന്നല്‍ ഇന്നു വരെ അറിയിച്ചിട്ടേയില്ല. അവളെ താങ്ങി ഈ ലോകം ചുറ്റാനുള്ള എനര്‍ജി കൂടി ദൈവം എനിക്ക് തന്നിട്ടുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അവളെനിക്കെന്റെ ശരീരഭാഗം പോലെയാണ്. അവയവങ്ങള്‍ നമുക്കൊരു ഭാരമായി തോന്നാറില്ലല്ലോ, അതു പോലാണ് എനിക്കെന്റെ പെങ്ങളൂട്ടിയും. പിന്നെ ഞാന്‍ അവളേയും എടുത്തു കൊണ്ടു പോകുമ്പോള്‍ സഹതാപ കണ്ണെറിയുന്ന ചിലരുണ്ട്. അവരോടൊക്കെ പുച്ഛം മാത്രം. എന്റെ പെങ്ങളെനിക്ക് ഭാരമല്ല. പ്രാണനാണ്.

Exit mobile version