ചെങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ നാലു വയസുകാരന്‍ വീണു; രക്ഷിക്കാനിറങ്ങി സഹോദരി, രണ്ടുപേരും മുങ്ങിമരിച്ചു

മലപ്പുറം: മലപ്പുറം വള്ളുവമ്പ്രത്ത് ചെങ്കല്‍ ക്വാറിയില്‍ വീണ നാല് വയസുകാരനും കുഞ്ഞിനെ രക്ഷിക്കാനിറങ്ങിയ സഹോദരിയും മുങ്ങിമരിച്ചു. മണിപ്പറമ്പ് ചെമ്പോക്കടവ് സ്വദേശിയായ രാജന്റെ മകള്‍ അര്‍ച്ചന, രാജന്റെ സഹോദരനായ വിനോദിന്റെ മകന്‍ ആദില്‍ ദേവ് എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് അപകടം. ആദില്‍ ദേവ് അബദ്ധത്തില്‍ വീടിന് സമീപമുള്ള ചെങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. ഈ സമയത്ത് കൂടെയുണ്ടായിരുന്ന അര്‍ച്ചന ആദിലിനെ രക്ഷിക്കാനായി വെള്ളത്തില്‍ ഇറങ്ങിയെങ്കിലും മുങ്ങിതാഴുകയായിരുന്നു.

അപകട സമയത്ത് മറ്റാരും ക്വാറിക്ക് സമീപമുണ്ടായിരുന്നില്ല. പിന്നീട് നാട്ടുകാര്‍ എത്തുമ്പോഴേയ്ക്കും കുട്ടികള്‍ മരണപ്പെട്ടിരുന്നു. കുട്ടികളുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version