നടക്കാനോ നിക്കാനോ ആവില്ല, പക്ഷേ എല്ലായിടത്തും എത്തിക്കാന്‍ മീനുവിന് ഉണ്ട് ഒരു ഏട്ടന്‍; പെങ്ങളൂട്ടിയെ മുതുകിലേറ്റി മനു

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പട്ടം വാര്‍ഡ് കൗണ്‍സിലറായ രമ്യാ രമേശാണ് മനുവിന്റെ ജീവിതത്തിലേയ്ക്ക് വരുന്നത്

പേയാട്: അരയ്ക്ക് താഴെ ജന്മനാ തളര്‍ച്ച, ഹൃദയത്തിനും തകരാര്‍, കേള്‍വിശക്തിയും ഇല്ല, മുതുകില്‍ നീക്കം ചെയ്യാനാവാത്ത ഒരു മുഴയും. മീനുവിന് വിധി സമ്മാനിച്ചത് ഇത്രയും ദുരിതങ്ങളാണ്. പക്ഷേ അതില്‍ ഒന്നും പതറാതെ മുന്‍പോട്ട് പോകുവാനും മീനുവിനെ പൊന്നുപോലെ നോക്കുവാന്‍ മനു എന്നൊരു ഏട്ടനും ഉണ്ട്. പുളിയറക്കോണം കൂരുവിളവീട്ടില്‍ മീനു(28)വിനെ ഈ ഏട്ടന് ഭാരമല്ല. ഓട്ടോറിക്ഷാ ഡ്രൈവറാണ് മനു.

എവിടെ എന്ത് പരിപാടി ഉണ്ടെങ്കിലും അനുജത്തിയെ കൂട്ടാതെ മനു എവിടെയും പോകാറില്ല. ബന്ധു വീടുകളിലും ഒഴിവാക്കാനാകാത്ത ചടങ്ങുകള്‍ക്കും മീനുവിനെ ഒക്കത്തെടുത്താണ് പോകുന്നത്. ഇവരുടെ ഈ ബന്ധത്തെ സമൂഹമാധ്യമങ്ങളും വാഴ്ത്തുകയാണ്. സ്വന്തം വിവാഹനിശ്ചയ ചടങ്ങിലും അനുജത്തിയെയും എടുത്ത് മനു പോകുന്ന വീഡിയോ ആരോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇതോടെയാണ് ഇരുവരുടെയും സ്‌നേഹത്തിന്റെ ആഴം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്. കാമുകനൊപ്പം പോകുവാന്‍ മക്കളെ കൊലപ്പെടുത്തിയും ഭാരമാണെന്ന് തോന്നുന്നവര്‍ക്ക് ഒരു മാതൃകയാണ് ഈ ഏട്ടനെന്നാണ് സോഷ്യല്‍മീഡിയയുടെ വാദം.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പട്ടം വാര്‍ഡ് കൗണ്‍സിലറായ രമ്യാ രമേശാണ് മനുവിന്റെ ജീവിതത്തിലേയ്ക്ക് വരുന്നത്. താനും അമ്മയും ജോലിക്കു പോകുമ്പോള്‍ അനുജത്തിക്ക് കൂട്ടായി സ്‌നേഹമുള്ള ഒരു പെണ്‍കുട്ടിയെ ഭാര്യയായി കിട്ടണമെന്ന് മാത്രമായിരുന്നു മനുവിന് ഉണ്ടായിരുന്നത്. ആ അന്വേഷണം ഒടുവില്‍ ചെന്ന് എത്തിയത് രമ്യയിലായിരുന്നു.

വാടക വീട്ടിലെ ഒറ്റമുറിയില്‍ താമസിക്കുകയാണ് ഇവര്‍. പുസ്തകങ്ങളും കിങ്ങിണി തത്തമ്മയുമാണ് മീനുവിന് വീട്ടിലുള്ള കൂട്ടുകാര്‍. അമ്മ രമാദേവി അടുത്ത ക്ഷേത്രത്തില്‍ അടിച്ചുതളിക്ക് പോകുന്നു. എട്ടു വര്‍ഷം മുന്‍പ് അച്ഛന്‍ ഹരിശ്ചന്ദ്രന്‍നായര്‍ ഹൃദയാഘാതത്തില്‍ മരിച്ചു. ദാരിദ്ര്യവും കഷ്ടപ്പാടുമെല്ലാം അറിയാവുന്ന ചേരിയിലെ ഓലക്കുടിലില്‍ കഴിയുന്ന രമ്യയ്ക്ക് മീനുവിനെയും അമ്മയേയും സ്‌നേഹിക്കാന്‍ കഴിയുമെന്ന വിശ്വാസം മനുവിനുണ്ട്. മനുവിന്റെയും രമ്യയുടെയും വിവാഹം ഡിസംബര്‍ 12-നാണ്.

Exit mobile version