മരടില്‍ ഫ്‌ലാറ്റിന്റെ വില കുറച്ചുകാണിച്ചവര്‍ക്ക് നഷ്ടം: 25 ലക്ഷം നഷ്ടപരിഹാരം ഏഴ് പേര്‍ക്ക്

കൊച്ചി: മരടിലെ 35 ഫ്‌ലാറ്റ് ഉടമകള്‍ക്ക് കൂടി നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്ത് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി. നഷ്ടപരിഹാര കമ്മിറ്റി നാലു ഫ്‌ളാറ്റ് ഉടമകള്‍ക്കുകൂടി 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്തു. ഇതോടെ 25 ലക്ഷം നഷ്ടപരിഹാരം ശുപാര്‍ശ ചെയ്ത ഫ്‌ലാറ്റുകളുടെ എണ്ണം ഏഴായി.

ഇന്ന് സമിതിക്ക് മുന്നിലെത്തിയ 61 അപേക്ഷകളില്‍ 49 എണ്ണം നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളതാണെന്ന് കണ്ടെത്തി. നാലുപേര്‍ ഒഴികെ ബാക്കിയുള്ളവര്‍ക്ക് പ്രമാണത്തിലുള്ള ഫ്‌ലാറ്റിന്റെ വിലയേ നഷ്ടപരിഹാരമായി ലഭിക്കൂ. റജിസ്‌ട്രേഷന്‍ ചെലവ് കുറയ്ക്കാന്‍ വില കുറച്ചുകാണിച്ചതാണ് ഇവര്‍ക്ക് വിനയായത്.

അതേസമയം, മരടിലെ ഫ്‌ലാറ്റ് സമുച്ഛയങ്ങള്‍ പൊളിച്ച് നീക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമായി. ആല്‍ഫ വെഞ്ചേഴ്‌സിന്റെ ഇരട്ടകെട്ടിടങ്ങളില്‍ ഒന്ന് പൊളിക്കുന്നതിനുള്ള നടപടികള്‍ ആണ് തുടങ്ങിയത്. വിജയ സ്റ്റീല്‍സ് ആണ് ആല്‍ഫാ വെഞ്ചേഴ്സിന്റെ കെട്ടിടം പൊളിക്കുന്നത്. ഇതുവരെ രണ്ട് ഫ്‌ലാറ്റുകളാണ്
പൊളിക്കാനായി കമ്പനികള്‍ക്ക് കൈമാറിയിട്ടുള്ളത്.

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള വിധിക്കെതിരെ ഫ്‌ലാറ്റുടമ വിജയ് ശങ്കര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് നവീന്‍ സിന്‍ഹ എന്നിവര്‍ ചേമ്പറില്‍ പരിഗണിച്ച ശേഷം ആണ് ഹര്‍ജി തള്ളിയത്.

Exit mobile version