2024ഓടെ രാജ്യത്തെ മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കും; ആവര്‍ത്തിച്ച് അമിത് ഷാ

ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ന്യൂഡല്‍ഹി: 2024ഓടെ രാജ്യത്തെ മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്തുകൊണ്ടാണ് രാഹുല്‍ ദേശീയ പൗരത്വ പട്ടികയെ എതിര്‍ക്കുന്നതെന്നും ഈ അഭയാര്‍ഥികള്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആണോയെന്നും അമിത് ഷാ ചോദിച്ചു. ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ പൗരത്വ പട്ടിക സംബന്ധിച്ച കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും നിലപാടിനെ അമിത് ഷാ ചോദ്യം ചെയ്യുകയായിരുന്നു.’രാഹുല്‍ എന്തുകൊണ്ടാണ് ദേശീയ പൗരത്വ പട്ടികയെ എതിര്‍ക്കുന്നത്? ഈ അഭയാര്‍ഥികള്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആണോ? അഭയാര്‍ഥികള്‍ എവിടെ പോകും, എന്തുകഴിക്കും എന്നൊക്കെ രാഹുലും ഭൂപീന്ദര്‍ സിങ് ഹൂഡയും ആശങ്കപ്പെടുന്നത് എന്തിനാണ്?’- എന്നാണ് അമിത് ഷായുടെ ചോദ്യം.

എത്രത്തോളം എതിര്‍പ്പുകള്‍ ഉയര്‍ന്നാലും 2024ഓടെ രാജ്യത്തെ മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കുമെന്ന് അമിത് ഷാ തുറന്നടിച്ച് പറഞ്ഞു. കുടിയേറ്റക്കാര്‍ ശല്യവും ഭാരവുമാണെന്നും പറഞ്ഞ അമിത് ഷാ ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയെ പ്രശംസിക്കുകയും ചെയ്തു.

Exit mobile version