മുക്കം, വെട്ടത്തൂർ യത്തീംഖാനകളിലേക്ക് കുട്ടികളെ കൊണ്ടുവന്നത് പഠനത്തിന്; കുട്ടിക്കടത്ത് അല്ലെന്ന് സിബിഐ

കൊച്ചി: സംസ്ഥാനത്തെ യത്തീംഖാനയിലേക്ക് കുട്ടികളെ എത്തിച്ചത് പഠനത്തിനായാണെന്ന് സിബിഐ റിപ്പോർട്ട്. കേരളത്തിലെ യത്തീംഖാനയിലേക്ക് കുട്ടികളെ കൊണ്ടുവന്നത് കുട്ടിക്കടത്തിനാണെന്ന ആരോപണത്തിലാണ് ഇപ്പോൾ സിബിഐ തിരുത്തൽവരുത്തിയിരിക്കുന്നത്. 2014-ൽ 455 കുട്ടികളെ എത്തിച്ചതിനെ ചൊല്ലിയുള്ള കേസിന്റെ അന്വേഷണം അവസാനിപ്പിച്ച് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ റിപ്പോർട്ട് സമർപ്പിച്ചു.

ബീഹാർ, ബംഗാൾ, ഝാർഖണ്ഡ്, എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് മുക്കം, വെട്ടത്തൂർ യത്തീംഖാനകളിലേക്ക് വിദ്യാഭ്യാസത്തിനായി കുട്ടികളെ കൊണ്ടുവന്നത്. ഇതു വലിയ വിവാദമായതിന് പിന്നാലെ കോടതി നിർദേശപ്രകാരമാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്. ഈ യത്തീംഖാനകളിൽ കുട്ടികളെ ദുരുപയോഗം ചെയ്തിട്ടില്ല. സൗജന്യ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് കുട്ടികളെത്തിയതെന്ന് സിബിഐ കോടതിയെ അറിയിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പരാതിയിലായിരുന്നു സിബിഐ അന്വേഷണം.

പാലക്കാട് റെയിൽവേ പോലീസ് യത്തീംഖാനകൾക്കെതിരെ കേസെടുക്കുകയും പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ചില സംഘടനകൾ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

ഇതിനിടെ സാമൂഹിക നീതി വകുപ്പ് കേരളത്തിൽ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലവും നൽകിയിരുന്നു. എന്നാൽ വിവിധ സംസ്ഥാനങ്ങൾ തമ്മിൽ ബന്ധപ്പെട്ട കേസായതിനാൽ ഹൈക്കോടതി കേസ് സിബിഐക്ക് വിടുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് യത്തീംഖാനകൾ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുകയും കേസ് കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തിരുന്നു. കുട്ടികടത്തല്ലെന്ന് കാണിച്ച് നേരത്തെ ബിഹാർ സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിനിടെയാണ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ റിപ്പോർട്ട് നൽകിയത്.

Exit mobile version