ശക്തന്‍ നഗറില്‍ കൂറ്റന്‍ ആകാശപ്പാലം; നിര്‍മ്മാണം തുടങ്ങി

കെഎസ്ആര്‍ടിസി റോഡ്, ഇക്കണ്ടവാര്യര്‍ റോഡ്, പട്ടാളം റോഡ്, കണിമംഗലം റോഡ് എന്നീ റോഡുകള്‍ കൂടിച്ചേരുന്ന സ്ഥലത്താണ് പാലം

തൃശ്ശൂര്‍: തൃശ്ശൂര്‍ ശക്തന്‍ നഗറില്‍ ആകാശപ്പാലം വരുന്നു. 5.30 കോടി രൂപ ചെലവിലുള്ള പദ്ധതി 2020 മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്നാണ് കണക്കാക്കുന്നത്. വൃത്താകൃതിയില്‍ നിര്‍മ്മിക്കുന്ന കൂറ്റന്‍ ആകാശപ്പാലത്തിന്റെ നിര്‍മ്മാണജോലികള്‍ ആരംഭിച്ചു. കെഎസ്ആര്‍ടിസി റോഡ്, ഇക്കണ്ടവാര്യര്‍ റോഡ്, പട്ടാളം റോഡ്, കണിമംഗലം റോഡ് എന്നീ റോഡുകള്‍ കൂടിച്ചേരുന്ന സ്ഥലത്താണ് പാലം.

ആറ് മീറ്റര്‍ ഉയരത്തിലും മൂന്ന് മീറ്റര്‍ വീതിയിലും പണിയുന്ന പാലത്തിലൂടെ ശക്തന്‍ സ്റ്റാന്‍ഡ്, പച്ചക്കറി മാര്‍ക്കറ്റ്, മത്സ്യമാര്‍ക്കറ്റ് എന്നീ ഭാഗങ്ങളിലേക്കെല്ലാം എളുപ്പത്തില്‍ എത്തിച്ചേരാം. 14 ഇടങ്ങളില്‍ പൈലിങ് നടപടികള്‍ പൂര്‍ത്തിയായി. രണ്ടിടത്ത് കൂടി പൂര്‍ത്തിയാവാനുണ്ട്. എട്ട് സ്ഥലങ്ങളില്‍ നിന്ന് ചവിട്ടു പടികളുണ്ടാവും.

5.30 കോടി രൂപ ചെലവിലാണ് പാലം പണിയുന്നത്. 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ ഫണ്ടും, 30 ശതമാനം സംസ്ഥാന സര്‍ക്കാര്‍ ഫണ്ടും 20 ശതമാനം കോര്‍പ്പറേഷന്‍ വിഹിതവുമാണ്. വാഹനാപകടങ്ങള്‍ ഇവിടെ പതിവാകുന്നതിനാല്‍ പാലം വരുന്നതോടെ ഇതിന് പരിഹാരമാകും.

Exit mobile version