മരട് ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ അക്കൗണ്ടിലെ 18 കോടി കണ്ടുകെട്ടി; മുഴുവൻ ആസ്തികളും ഉടൻ കണ്ടുകെട്ടാൻ നടപടി

കൊച്ചി: മരടിലെ അനധികൃത ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് വീണ്ടും തിരിച്ചടി. മരട് ഫ്ളാറ്റ് നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 18 കോടി രൂപ കണ്ടുകെട്ടി. ഫ്ളാറ്റ് നിർമ്മാതാക്കളുടെ മുഴുവൻ ആസ്തി വകകളും കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് റജ്സിട്രേഷൻ വകുപ്പിനും റവന്യുവകുപ്പിനും കത്ത് നൽകാനും തീരുമാനിച്ചു. ഫ്ളാറ്റ് നിർമ്മാതാക്കളുടെ മുഴുവൻ ആസ്തിവകകളും കണ്ടുകെട്ടാനുള്ള നടപടികളുമായി മുന്നോട്ടു പോവാൻ തന്നെയാണ് ക്രൈംബ്രാഞ്ച് തീരുമാനം .

ആസ്തികൾ കണ്ടുകെട്ടാനുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിനു ശേഷം ഫ്ളാറ്റ് നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 18 കോടി രൂപയാണ് ഇതുവരെ കണ്ടുകെട്ടിയിട്ടുള്ളത്. ബാക്കി ആസ്തി വകകൾ കണ്ടുകെട്ടാനുള്ള നടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല. ഇതിനു തുടക്കമിടാനായി ഫ്ളാറ്റ് നിർമ്മാതാക്കളുടെ സംസ്ഥാനമെമ്പാടുമുള്ള ആസ്തിവകകളുടെ വിവരങ്ങൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച് രജിസ്ട്രേഷൻ ഐജിക്കും ലാൻഡ് റവന്യു കമ്മീഷണർക്കും കത്ത് നൽകി. ഫ്ളാറ്റ് നിർമ്മാതാക്കൾ പങ്കാളികളായ മറ്റ് കമ്പനികളുടെ ആസ്തിവകകൾ ഉൾപ്പടെയാണ് കണ്ടുകെട്ടുക.

ഇതിനകം, ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ 200ഓളം ബാങ്ക് അക്കൗണ്ടുകളുടെ വിവരം ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. അതേസമയം, പരാതികളില്ലെന്ന പേരിൽ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെട്ട് നിൽക്കുന്ന ഗോൾഡൻ കായലോരം നിർമ്മാതാക്കൾക്കെതിരേ കേസെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതി പൊളിക്കണമെന്ന് നിർദേശിച്ചിട്ടും പരാതികളില്ലെന്ന പേരിലാണ് ഗോൾഡൻ കായലോരത്തിനെതിരേ കേസെടുക്കാതിരുന്നത്.

Exit mobile version