കാടുവെട്ടിത്തെളിക്കുന്നതിനിടെ തൊഴിലുറപ്പ് ജോലിക്കാരന്റെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി; ചിത്രങ്ങള്‍

പെരുംകുളങ്ങര സ്വദേശി ഭുവനചന്ദ്രന്നായരുടെ കഴുത്തിലാണ് പാമ്പ് ചുറ്റിയത്

കാട്ടാക്കട: തലസ്ഥാനത്ത് തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി. തിരുവനന്തപുരം നെയ്യാര്‍ ഡാമിന് സമീപത്ത് മരക്കുന്നത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. പെരുംകുളങ്ങര സ്വദേശി ഭുവനചന്ദ്രന്നായരുടെ കഴുത്തിലാണ് പാമ്പ് ചുറ്റിയത്. തൊഴിലുറപ്പ് ജോലിക്കിടെ കണ്ട 10 അടി നീളമുള്ള പെരുമ്പാമ്പിനെ ഭുവനചന്ദ്രനും മറ്റു മൂന്ന് പേരും ചേര്‍ന്നാണ് പാമ്പിനെ പിടിച്ചത്.

പാമ്പിനെ കണ്ട ഉടനെ ഇവര്‍ വനപാലകരെ അറിയിച്ചു. എന്നാല്‍ അവര്‍ എത്തുന്നതിന് മുന്‍പേ പാമ്പിനെ പിടിച്ച് ചാക്കിലാക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം. നെയ്യാര്‍ഡാം കിക്മ കോളേജ് അങ്കണത്തില്‍ കാടുവെട്ടിത്തെളിക്കുന്നതിനിടെ തൊഴിലാളികള്‍ പെരുമ്പാമ്പിനെ കണ്ടെത്തുകയായിരുന്നു. പാമ്പിന്റെ മധ്യഭാഗത്താണ് ഭുവനചന്ദ്രന്‍നായര്‍ പിടിച്ചിരുന്നത്.

എന്നാല്‍ കയ്യില്‍ നിന്ന് പിടിവിട്ടതോടെ പാമ്പ് വാല്‍ ഭവനചന്ദ്രന്റെ കഴുത്തില്‍ ചുറ്റുകയായിരുന്നു. അതേസമയം ഒപ്പമുണ്ടായിരുന്ന തൊഴിലാളികളുടെ സഹായത്തോടെ പാമ്പിന്റെ പിടിയില്‍ നിന്ന് ഭവനചന്ദ്രനെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് പാമ്പിനെ വനപാലകരെ ഏല്‍പ്പിച്ചു. ഭുവനചന്ദ്രന്നായരുടെ കഴുത്തിന് നിസാര പരുക്കുണ്ട്.

Exit mobile version