വിവരമുള്ള അന്നമ്മ ടീച്ചർക്ക് മുന്നിൽ വിദ്യാഭ്യാസ യോഗ്യതയുടെ കള്ളം വിലപോയില്ല; തീർത്തു കളയാൻ തീരുമാനിച്ചു

വടകര: പൊന്നാമറ്റം കുടുംബത്തിലെ അന്നമ്മയ്ക്ക് തിരിച്ചടിയായത് തന്റെ വിവരവും സ്‌നേഹത്തോടെ ജോലിക്ക് പോകാൻ മരുമകളെ നിർബന്ധിച്ചതും. കൂടത്തായിയിലെ പൊന്നാമറ്റത്ത് ആദ്യമായി വീണ രക്തം അന്നമ്മ ടീച്ചറുടേതായിരുന്നു. മരുമകളായി കയറി വന്ന ജോളി ജോസഫിന് എം.കോം, നെറ്റ് യോഗ്യതകൾ ഉണ്ടെന്ന് അറിഞ്ഞതോടെ വെറുതെ ഇരിക്കാതെ ജോലിക്ക് പോകാൻ നിരന്തരം നിർബന്ധിച്ചതാണ് ജീവൻ തന്നെ നഷ്ടപ്പെടാൻ കാരണമായത്. അന്നമ്മയെ വധിക്കുന്നതിലേക്ക് ജോളിയെ എത്തിച്ചത് ജോളി തന്നെ കെട്ടി പൊക്കിയ തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചുള്ള കള്ളങ്ങളായിരുന്നു. ഒരു കള്ളം മറയ്ക്കാൻ പിന്നീട് കള്ളങ്ങളുടെ കൂമ്പാരം തന്നെ ജോളിക്ക് തീർക്കേണ്ടി വന്നു. ഒടുവിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ വന്നതോടെ അന്നമ്മയെ കൊലപ്പെടുത്തുക എന്ന അറ്റകൈ പ്രയോഗത്തിലേക്ക് ജോളി എത്തുകയായിരുന്നു.

വിദ്യാഭ്യാസവും ലോകവിവരവുമുള്ള അന്നമ്മ ടീച്ചർ ജോളിയെ ജോലിക്ക് പോകാൻ നിർബന്ധിക്കുമായിരുന്നു എന്നാണ് പോലീസിന് ലഭിച്ച മൊഴി. കള്ളങ്ങൾ പിടിക്കപ്പെടുമെന്ന സ്ഥിതി വന്നതോടെയാണ് ജോളി അന്നമ്മയെ കൊലപ്പെടുത്താൻ തീരുമാനിച്ചതും. ജോളിയുടെ മൊഴിക്കുപുറമെ ഇതിന് ബലമേകുന്ന തെളിവുകളും സാക്ഷിമൊഴികളുമുണ്ട്.

വിവാഹശേഷം ജോളി പൊന്നാമറ്റത്ത് പറഞ്ഞത് താൻ എംകോം ബിരുദധാരിയെന്നാണ്. യഥാർത്ഥത്തിൽ ബികോം ജയിച്ചിട്ടുപോലുമില്ലായിരുന്നു ജോളി. എന്നാൽ, ഇത്രയേറെ വിദ്യാഭ്യാസ യോഗ്യതയുള്ളയാൾ വെറുതെ വീട്ടിൽ ഇരിക്കരുതെന്നും എന്തെങ്കിലും ജോലിക്ക് ശ്രമിക്കണമെന്നും അന്നമ്മ നിർദേശിച്ചു. യുജിസി നെറ്റ് യോഗ്യതയ്ക്ക് ശ്രമിക്കണമെന്നായിരുന്നു പ്രധാന നിർദേശം. തനിക്ക് 50 ശതമാനം മാർക്ക് മാത്രമേ ഉള്ളൂ എന്നും നെറ്റ് എഴുതാൻ 55 ശതമാനം മാർക്ക് വേണമെന്നും ജോളി മറുപടി നൽകി. പക്ഷേ, ടീച്ചർ വിട്ടില്ല. 55 ശതമാനം മാർക്ക് നേടാൻ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാൻ നിർദേശിച്ചു. രക്ഷയില്ലാതെ ജോളി പരീക്ഷാ തയ്യാറെടുപ്പിന് കോഴിക്കോട്ടെ ഒരു സ്ഥാപനത്തിൽ ചേർന്നെന്നും പറഞ്ഞ് കുറച്ചുദിവസം വെറുതെ വീട്ടിൽനിന്നിറങ്ങി. പിന്നീട് പരീക്ഷ എഴുതിയെന്നും 55 ശതമാനം മാർക്ക് കിട്ടിയെന്നും പറഞ്ഞു. യുജിസി നെറ്റ് പരീക്ഷയെഴുതി ജെആർഎഫ് കിട്ടിയതായും കള്ളം പറഞ്ഞു. ഇതോടെ ജോലിക്ക് ശ്രമിക്കണമെന്ന ആവശ്യം ശക്തമായി.

ഒടുവിൽ രക്ഷയില്ലാതെ, പാലായിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് ടുവിന് താത്കാലിക ഒഴിവുണ്ടെന്നു കള്ളം പറഞ്ഞതോടെ അന്നമ്മയ്ക്ക് വലിയ താൽപര്യമായി. പക്ഷെ, കുഞ്ഞ് ചെറുതായതിനാൽ ദൂരത്തേക്ക് പോവുക പ്രയാസമാണെന്ന് പറഞ്ഞ് ജോളി ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും കുട്ടിയെ നോക്കാൻ താൻ വരാമെന്ന് അന്നമ്മ പറഞ്ഞു. രക്ഷയില്ലാതെ വന്നപ്പോൾ അന്നമ്മയേയും കുട്ടിയേയും കൂട്ടി ജോളി കോട്ടയത്ത് പോയി താമസിച്ചു. ഒരാഴ്ച അന്നമ്മ അവിടെനിന്നു. പിന്നീട് കുട്ടിയെയും കൂട്ടി അന്നമ്മ വീട്ടിലേക്ക് മടങ്ങി. പിന്നാലെ, ഓണാവധിക്കെന്നും പറഞ്ഞ് വീട്ടിലേക്കുവന്ന ജോളി പിന്നെ കോട്ടയത്തേക്കു പോയില്ല. ഇതോടെ അന്നമ്മ വീണ്ടും ചോദ്യം ചെയ്യാൻ തുടങ്ങി. പിടിച്ചുനിൽക്കുക പ്രയാസമാണെന്ന് തോന്നിയതോടെയാണ് അന്നമ്മയെ ഇല്ലാതാക്കണമെന്ന ചിന്തയിലേക്ക് ജോളി എത്തിയത് എന്ന് അന്വേഷണസംഘം പറയുന്നു.

ഒരുതവണ വധിക്കാൻ ശ്രമം നടത്തിയെങ്കിലും ഇത് വിജയിച്ചില്ല. രണ്ടാം ശ്രമം വിജയിക്കുകയും ചെയ്തു. ടോം തോമസ് മരിച്ച ശേഷമാണ് എൻഐടിയിലേക്കെന്നും പറഞ്ഞ് ജോളി വീട്ടിൽനിന്നിറങ്ങാൻ തുടങ്ങിയത്. ജോലിക്ക് പോകാത്തത് എന്തുകൊണ്ടെന്ന ചോദ്യം വർധിച്ചതോടെയാണ് എൻഐടി കള്ളം പിറന്നതെന്നാണ് വിവരം.

Exit mobile version