എല്ലാം ഇനി സ്വകാര്യസ്വത്ത്; വൈദ്യുതി മേഖലയും സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ; എതിർത്ത് കേരളം

ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ മേഖലയ്ക്ക് പിന്നാലെ കൂടുതൽ പൊതുവിഭാഗങ്ങൾ സ്വകാര്യവത്കരണത്തിന് ഒരുങ്ങുന്നു. വൈദ്യുതി വിതരണ മേഖലയും ഇത്തരത്തിൽ സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ നീക്കം ആരംഭിച്ചു. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്രമന്ത്രി ആർകെ സിങ് നിലപാട് കടുപ്പിച്ചത്. അതേസമയം കേന്ദ്രത്തിന്റെ സ്വകാര്യവത്കരണ നിർദേശത്തോട് കേരളം കടുത്ത വിയോജിപ്പും പ്രകടിപ്പിച്ചു. ഇത്തവണ ചേർന്ന യോഗത്തിലും സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രനിർദേശത്തോടു അനുകൂല നിലപാടല്ല കേരളം സ്വീകരിച്ചത്.

വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കണമെന്ന് കേന്ദ്രസർക്കാർ ഏറെ നാളായി ആവശ്യപ്പെടുന്ന കാര്യമാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ 11, 12 തീയതികളിൽ ചേർന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്രസർക്കാർ നിലപാട് ആവർത്തിച്ചു. സംസ്ഥാന വൈദ്യുതി ബോർഡുകൾ സ്വകാര്യ ഏജൻസികൾക്ക് വൈദ്യുതി മൊത്ത വിതരണം നടത്തുക. ഒരു മേഖലയിൽ മൂന്നോ നാലോ ഏജൻസികളെ ചുമതലപ്പെടുത്തുക. അവർ ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കും എന്നൊക്കെയുള്ള കേന്ദ്രസർക്കാർ നിലപാട് കേന്ദ്ര വൈദ്യുതി മന്ത്രി ആർകെ സിങ് അറിയിക്കുകയായിരുന്നു.

എന്നാൽ, വൈദ്യുതി വിതരണം സ്വകാര്യമേഖലയിലേക്ക് നയിക്കപ്പെട്ടാൽ തോന്നും പോലെയുള്ള ചാർജ് വർധനവിന് വഴിവെക്കുമെന്നാണ് പ്രധാന ആക്ഷേപം. എന്നാൽ മെച്ചപ്പെട്ട സേവനം ലഭിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലായതിനാൽ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി യോഗത്തിൽ പങ്കെടുത്തില്ല. സംസ്ഥാന സർക്കാർ പ്രതിനിധികൾ കേന്ദ്ര നിർദേശത്തോടുള്ള എതിർപ്പ് പ്രകടിപ്പിച്ചു.

അതേസമയം, വിതരണ മേഖലയിലെ സ്വകാര്യവത്കരണത്തിന് നിയമനിർമ്മാണം വന്നാൽ കേരളത്തിനും മാറിനിൽക്കാനാവില്ല. വിതരണ മേഖലയിൽ കെഎസ്ഇബിക്കുള്ള നിയന്ത്രണം നഷ്ടപ്പെടുന്നത് കേരളത്തിലെ ഗുണഭോക്താക്കൾക്ക് തിരിച്ചടിയാകും.

Exit mobile version