കുട്ടികളുടെ കളിക്കാനുള്ള അവകാശം നിഷേധിക്കരുത്, പ്രീ സ്‌കൂളുകളില്‍ എഴുത്തുപരീക്ഷയോ, വാചാ പരീക്ഷയോ നടത്തുന്നത് ഗുണം ചെയ്യില്ലെന്ന് എന്‍സിഇആര്‍ടി

പ്രീ സ്‌കൂള്‍ തലത്തിലെ ഓരോ കുട്ടിയുടെയും പുരോഗതി നിരന്തരമായി പരിശോധിക്കേണ്ടതുണ്ട്

ന്യൂഡല്‍ഹി: പ്രീ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് എഴുത്തുപരീക്ഷയോ, വാചാ പരീക്ഷയോ നടത്തുന്നത് കുട്ടികള്‍ക്ക് ഗുണംചെയ്യില്ലെന്ന് എന്‍സിഇആര്‍ടി (നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്). കുട്ടികളുടെ കളിക്കാനുള്ള അവകാശം ഇതിലൂടെ നിഷേധിക്കുകയാണെന്നും എന്‍സിഇആര്‍ടിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

പ്രീ സ്‌കൂള്‍ തലത്തിലെ ഓരോ കുട്ടിയുടെയും പുരോഗതി നിരന്തരമായി പരിശോധിക്കേണ്ടതുണ്ട്. അധ്യാപകര്‍ കുട്ടികളെ നിരീക്ഷിച്ച് ഓരോ കുട്ടിയെക്കുറിച്ചുമുള്ള ലഘുകുറിപ്പുകള്‍ തയ്യാറാക്കണമെന്നും വിവിധ പഠനമാര്‍ഗങ്ങളും സമ്പ്രദായങ്ങളും ഉപയോഗിച്ച് ഒരോ കുട്ടിയുടെയും പുരോഗതി വിലയിരുത്തണമെന്നും എന്‍സിഇആര്‍ടി നിര്‍ദേശിച്ചു.

ഓരോ വര്‍ഷവും കുറഞ്ഞത് രണ്ടുതവണയെങ്കിലും മാതാപിതാക്കള്‍ക്ക് പഠനപുരോഗതി റിപ്പോര്‍ട്ട് ലഭ്യമാക്കണം. കുട്ടികള്‍ എങ്ങനെ, എവിടെ സമയം ചെലവഴിക്കുന്നു, അവരുടെ സാമൂഹിക ബന്ധങ്ങള്‍, ഭാഷയുടെ പ്രയോഗം, ആശയവിനിമയരീതികള്‍, ആരോഗ്യം, പോഷകാഹാര ശീലങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഇതിലുണ്ടാകണമെന്നും നിര്‍ദേശമുണ്ട്.

Exit mobile version