വിരലിൽ മുറിവില്ലെന്ന് ഉറപ്പാക്കി നഖം കൊണ്ട് നുള്ളിയെടുക്കും

കോഴിക്കോട്: താൻ എങ്ങനെയാണ് ആറുപേർക്കും വിഷം നൽകിയതെന്നതിന് ഒടുവിൽ വിശദീകരണം. വിരലിൽ മുറിവില്ലെന്ന് ഉറപ്പാക്കി നഖം കൊണ്ട് നുള്ളിയെടുത്താണ് സയനൈഡ് ഭക്ഷണത്തിൽ കലർത്തുകയെന്ന് കൂടത്തായിയിൽ ആറ് പേരെ കൊലപ്പെടുത്തിയ ജോളി പോലീസിനോട് വിശദീകരിച്ചു. കൊലപാതകങ്ങളുടെ പൊതുരീതിയായിരുന്നു ഇത്തരത്തിലെ സയനൈഡ് ഉപയോഗം. ആദ്യ ഭർത്താവ് റോയിയുടെ അമ്മാവൻ മാത്യു മഞ്ചാടിയിലിന് മദ്യത്തിൽ കലർത്തിയാണ് സയനൈഡ് നൽകിയത്. അദ്ദേഹത്തോടൊപ്പം താൻ ഇടയ്ക്ക് മദ്യപിക്കാറുണ്ടായിരുന്നെന്നും ജോളി തെളിവെടുപ്പിനിടെ സമ്മതിച്ചു.

ഇപ്പോഴത്തെ ഭർത്താവ് ഷാജു ആദ്യഭാര്യ സിലിയെ കൊലപ്പെടുത്താനുള്ള ശ്രമത്തിൽ രണ്ടുതവണ സഹായിച്ചെന്നും മരുന്നിലാണ് സയനൈഡ് ചേർത്ത് നൽകിയതെന്നും ജോളി വിശദീകരിച്ചു. പിന്നീട് താമരശ്ശേരിയിലെ ഡെന്റൽ ക്ലിനിക്കിൽ വച്ച് മരുന്നിൽ ചേർത്ത് സയനൈഡ് നൽകിയപ്പോഴാണ് സിലി കൊല്ലപ്പെട്ടത്. മരണദിവസം ഷാജുവിന്റെ സഹോദരിയാണു ആൽഫൈനിനു ഭക്ഷണം നൽകിയതെന്നു പറഞ്ഞ് കുറ്റം സമ്മതിക്കാതിരുന്ന ജോളി, ഒടുവിൽ ആൽഫൈനിനു ജോളി ഇറച്ചിക്കറിയിൽ ബ്രഡ് മുക്കി കൊടുക്കുന്നതു കണ്ടെന്ന സാക്ഷിമൊഴി പോലീസ് ചൂണ്ടിക്കാട്ടിയതോടെയാണ് കുറ്റം സമ്മതിച്ചത്.

സിലിയുടെ മരണത്തിൽ താമരശ്ശേരി പോലീസ് റജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ജോളി, എംഎസ് മാത്യു എന്നിവരെയാണ് പ്രതി ചേർത്തിട്ടുള്ളത്. രണ്ടു തവണയായി കൂടത്തായിയിലെ വീട്ടിൽ മാത്യു സയനൈഡ് എത്തിക്കുകയായിരുന്നെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്. 6 മരണങ്ങൾ നടന്ന സ്ഥലങ്ങളിലും ജോളിയുമായി അന്വേഷണ സംഘം ഇന്നലെ തെളിവെടുപ്പ് നടത്തി.

Exit mobile version