തങ്ങളുടെ രാഷ്ട്രീയ അജണ്ടക്ക് മുന്നില്‍ ആചാരങ്ങളും വിശ്വാസങ്ങളും പ്രധാന്യമല്ലെന്ന് ബിജെപി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു; ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച് കടകംപള്ളി

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രികടകംപളളി സുരേന്ദ്രന്‍.

സാധാരണ ശബരില സീസണില്‍ ഏത് രാഷ്ട്രീയപാര്‍ട്ടികള്‍ ഹര്‍ത്താല്‍ നടത്തിയാലും പത്തനംതിട്ട ജില്ലയെയും തീര്‍ത്ഥാടകരെയും ഒഴിവാക്കാറുണ്ടായിരുന്നു. വിവേക പൂര്‍വ്വമുള്ള തീരുമാനങ്ങളായിരുന്നു പാര്‍ട്ടികള്‍ ചെയ്തിരുന്നത് എന്നാല്‍ അയ്യപ്പ ഭക്തരെ പോലും ഒഴിവാക്കാതെ നടത്തുന്ന ഹര്‍ത്താല്‍ ഭക്തരോടുളള യുദ്ധപ്രഖ്യാപനമാണെന്ന് മന്ത്രി പറഞ്ഞു.

ഇതിലൂടെ, തങ്ങളുടെ രാഷ്ട്രീയ അജണ്ടക്ക് മുന്നില്‍ ആചാരങ്ങളും വിശ്വാസങ്ങളും പ്രധാന്യമല്ലെന്ന് ബിജെപി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.അയ്യപ്പനോടും ഭക്തരോടും ഇവര്‍ക്ക് ഒരു പ്രതിബദ്ധതയുമില്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് നടന്നുവരുന്നത്. ഇവരുടെ കെണിയില്‍ കുടുങ്ങിയ യഥാര്‍ത്ഥ ഭക്തര്‍ക്ക് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരെന്ന് മനസ്സിലായിക്കൊണ്ടിരിക്കുകയാണെന്നും, അനാവശ്യ ഹര്‍ത്താല്‍ കാരണം ആയിരകണക്കിന് തീര്‍ത്ഥാടകര്‍ പലയിടങ്ങളിലായി കുടുങ്ങികിടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ,നാട്ടിലെമ്പാടും വര്‍ഗീയ വിഷം ചീറ്റിക്കൊണ്ടിരുന്ന ആളാണ് ശശികല. ഭക്തയെന്ന നിലയിലല്ല ശശികല സന്നിധാനത്തേയ്ക്ക് പോകാന്‍ ശ്രമിച്ചത്. കലാപമുണ്ടാക്കാനുളള ശ്രമമാണ് ശശികലയുടെ സന്ദര്‍ശനം.രാഷ്ട്രീയ ലാഭത്തിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പരിധി വേണ്ടേ എന്നും മന്ത്രി ചോദിച്ചു.

നിരോധനാജ്ഞ ലംഘിച്ചും സന്നിധാനത്തേയ്ക്ക് പോകുമെന്ന് പ്രഖ്യാപിച്ച് മരക്കൂട്ടത്ത് പ്രതിഷേധിച്ചപ്പോഴാണ് ശശികലയെ കസ്റ്റഡിയിലെടുക്കേണ്ടി വന്നതെന്നും കടകംപള്ളി വ്യക്തമാക്കി.

ബിജെപി പിന്തുണയിലാണ് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

Exit mobile version