യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതി; പുറത്താക്കിയത് കെഎം മാണിയുടെ രാഷ്ട്രീയത്തെ; ജോസ് കെ മാണി

കോട്ടയം: കേരളാ കോണ്‍ഗ്രസിനെ പുറത്താക്കിയ യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതിയെന്ന് ജോസ് കെ മാണി. ഐക്യ ജനാധിപത്യ മുന്നണിയെ പ്രതിസന്ധികളില്‍ സംരക്ഷിച്ച് വന്ന കെഎം മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞതെന്നും ജോസ് കെ മാണി പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോസ് കെ മാണി.

കോട്ടയത്തെ ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ മാത്രം പ്രശ്‌നം അല്ല. ഇല്ലാത്ത ധാരണയുടെ പേരില്‍ രാജി വക്കണമെന്ന് പറയുന്നിടത്തെ നീതിയുടെ പ്രശ്‌നമാണിത്. നിസാര കാര്യത്തിന്റെ പേരിലാണ് പുറത്താക്കലെന്നും ജോസ് കെ മാണി പറഞ്ഞു. ഐക്യജനാധിപത്യ മുന്നണി കെട്ടിപ്പടുത്ത കെ.എം. മാണിയെയാണ് യുഡിഎഫ് പുറത്താക്കിയത്. 38 വര്‍ഷങ്ങള്‍ യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ച കെ.എം.മാണിയുടെ രാഷ്ട്രീയത്തെയാണ് തള്ളിപ്പറഞ്ഞതെന്നും ജോസ് കെ.മാണി പറഞ്ഞു.

അച്ചടക്കത്തിന്റെ പേരിലാണ് നടപടി എടുത്തതെങ്കില്‍ ആയിരം വട്ടം അത് പിജെ ജോസഫിനെതിരെ എടുക്കണമായിരുന്നു എന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് യോഗം ബഹിഷ്‌കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ജോസഫിനെതിരെ നടപടിയില്ല. നിരന്തരം അച്ചടക്കം ലംഘിച്ചിട്ടും നടപടി ഉണ്ടായില്ല. രാഷ്ട്രീയ അജണ്ട ബോധപൂര്‍വ്വം നടപ്പാക്കുകയാണ് യുഡിഎഫ് നേതാക്കള്‍ ചെയ്തതെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി.

പുറത്താക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. യുഡിഎഫില്‍ നടന്നത് വണ്‍വേ ചര്‍ച്ചയാണ്. യുഡിഎഫുമായുള്ള ബന്ധം അവസാനിച്ചുവെന്ന് പറയുന്നില്ല. എന്നാല്‍ യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ചയ്ക്കില്ല. ജനപ്രതിനിധികള്‍ രാജിവെക്കില്ല. ഭാവി നടപടികള്‍
നാളെ രാവിലെ പത്തരയ്ക്ക് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ തീരുമാനിക്കും. രാഷ്ട്രീയ നിലപാട് അതിന് ശേഷം പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.

Exit mobile version