മത്സരിക്കേണ്ട എന്ന് തന്നെയാണ് ഇപ്പോഴും നിലപാട്, പക്ഷേ തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിത്വം പ്രധാനമന്ത്രിയുടെ ആഗ്രഹം; സുരേഷ് ഗോപി പറയുന്നു

Suresh Gopi | Bignewslive

കൊച്ചി: മത്സരിക്കേണ്ട എന്ന് തന്നെയാണ് ഇപ്പോഴും തന്റെ നിലപാട് എന്ന് വ്യക്തമാക്കി നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. അതേസമയം. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി തീരുമാനത്തെ അനുസരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സുരേഷ് ഗോപി ആശുപത്രിയില്‍ വെച്ചാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.

സുരേഷ് ഗോപിയുടെ വാക്കുകള്‍;

വിശ്രമം ആവശ്യമാണ്. കോവിഡ് വാക്സിന്‍ എടുത്തതിന് ശേഷമേ പ്രചാരണത്തിന് തൃശ്ശൂരില്‍ എത്താനാകു. അതിന് ആദ്യം വാക്സിന്‍ എടുക്കാനുള്ള ആരോഗ്യ സ്ഥിതിയിലേക്ക് എത്തണം. മത്സരിക്കേണ്ട എന്നു തന്നെയാണ് ഇപ്പോഴും നിലപാട്. നേതാക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് മത്സരിക്കുന്നത്. പാര്‍ട്ടി നാല് മണ്ഡലങ്ങളാണ് മുന്നോട്ട് വെച്ചത്. പക്ഷേ ഞാന്‍ എന്റെ നേതാക്കളോട് അവര്‍ പറയുന്ന എവിടെയും നില്‍ക്കാമെന്ന് പറഞ്ഞു. പക്ഷേ പ്രധാനമന്ത്രിക്ക് ഞാന്‍ തൃശ്ശൂരില്‍ തന്നെ നില്‍ക്കണമെന്നായിരുന്നു ആഗ്രഹം. വിജയ സാധ്യതയെക്കുറിച്ച് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ലോക്സഭാ മണ്ഡലത്തിന് വേണ്ടിയാണ് നേരത്തെ പൊരുതിയത്. എന്നാല്‍ ഇപ്പോള്‍ അതിലൊരു മണ്ഡലത്തിന് വേണ്ടിയാണ് മത്സരത്തിനിറങ്ങുന്നത്.

ലതിക സുഭാഷ് എന്നെക്കാള്‍ പ്രായത്തില്‍ ചെറുപ്പമാണ്. എന്റെ അമ്മയെ അവസാനമായി ഞാന്‍ കാണുന്നത് മുടി മുഴുവന്‍ മുറിച്ചിട്ടാണ്. അതുകൊണ്ട് തന്നെ വളരെ വിഷമം തോന്നി. 33 ശതമാനം സംവരണത്തിന് വേണ്ടി കേരളത്തില്‍ നിന്നുള്ള ഒരു എംപിക്ക് പോലും പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കാന്‍ ഇനി കഴിയില്ല. രാജ്യ സഭാ എംപി എന്ന നിലയിലുള്ള കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ജനം വിലയിരുത്തട്ടെ.

Exit mobile version