അവരുടെ അതിരുവിട്ട ബന്ധം നാട്ടിൽ പാട്ടായിരുന്നു, അപവാദം പറയിപ്പിക്കാതെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു

കഴിഞ്ഞദിവസം നാല് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനാണ് സിജോയും സഹോദരി സ്മിതയും വിധേയരായത്.

കോഴിക്കോട്: സിലിയുടെ സഹോദരൻ കൂടുതൽ തുറന്നുപറച്ചിലുകളുമായി രംഗത്ത്. തന്റെ നിർബന്ധത്തിനു വഴങ്ങിയാണു ഷാജു ജോളിയെ വിവാഹം കഴിച്ചതെന്ന വാദമാണ് സിലിയുടെ സഹോദരൻ സിജോ സെബാസ്റ്റിയൻ തള്ളിയത്. സിലിയുടെ മരണശേഷം ഷാജുവും ജോളിയും തമ്മിൽ അതിരുവിട്ട അടുപ്പം പുലർത്തുന്നതു നാട്ടിൽ സംസാരവിഷയമായിരുന്നു. നാട്ടുകാരെക്കൊണ്ട് അപവാദം പറയിപ്പിക്കാതെ വിവാഹം കഴിച്ചുകൂടേ എന്നു ചോദിക്കുക മാത്രമാണു ചെയ്തതെന്നു സിജോ പോലീസിനു മൊഴി നൽകി. കഴിഞ്ഞദിവസം നാല് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനാണ് സിജോയും സഹോദരി സ്മിതയും വിധേയരായത്. ഇവരുടെ കൂടെ ഒരു ബന്ധുവുമുണ്ടായിരുന്നു.

സിലിക്കു ഷാജുവിന്റെ വീട്ടിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഷാജുവിന്റെ ചില ബന്ധുക്കളുടെ പെരുമാറ്റം സംബന്ധിച്ചു പരാതികളുണ്ടായിരുന്നെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം, സിലിയുടെ മരണസമയത്തു തന്നെ അവിടെയെത്തിച്ചത് ജോളിയുടെ തന്ത്രപരമായി നീക്കമായിരുന്നെന്നു കരുതുന്നതായി സിജോ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

കൂടത്തായി കൊലപാതക പരമ്പരയിൽ കട്ടപ്പന സ്വദേശിയായ മന്ത്രവാദിക്കും പങ്കെന്ന് സൂചനകൾ. റോയിയുടെ വസ്ത്രത്തിന്റെ കീശയിൽ നിന്ന് മന്ത്രവാദിയുടെ കാർഡ് കിട്ടിയതോടെയാണ് അന്വേഷണം ഈ വഴിക്കും പുരോഗമിക്കുന്നത്. മന്ത്രവാദി നൽകിയ പൊടി സിലിക്ക് കൊടുത്തിരുന്നുവെന്ന് ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയും ചെയ്തു.

Exit mobile version