മുഖ്യമന്ത്രിയെ അപമാനിക്കുന്ന രീതിയില്‍ സമൂഹമാധ്യമത്തിലൂടെ സന്ദേശം പ്രചരിപ്പിച്ച സംഭവം; സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത കെഎസ്ആര്‍ടിസി കണ്ടക്ടറെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

തിരുവനന്തപുരം മരിയാപുരം സ്വദേശി എസ് പ്രശാന്ത് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിക്കുന്ന രീതിയില്‍ സമൂഹമാധ്യമത്തിലൂടെ സന്ദേശം പ്രചരിപ്പിച്ചതിന്റെ പേരില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത കെഎസ്ആര്‍ടിസി കണ്ടക്ടറെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഹൈകോടതി നിര്‍ദേശം. തിരുവനന്തപുരം മരിയാപുരം സ്വദേശി എസ് പ്രശാന്ത് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ വാട്‌സ്ആപ്പിലൂടെയായിരുന്നു പ്രശാന്ത് അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിച്ചത്. മെയ് പത്തിന് ഇയാളെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഇതേ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ ചോദ്യം ചെയ്ത് യുവാവ് ഹൈകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.

ജീവനക്കാരന്‍ സര്‍വീസില്‍ തുടരുന്നത് അന്വേഷണത്തിന് ഭീഷണിയാണെങ്കില്‍ മാത്രമേ സസ്‌പെന്‍ഷന്‍ തുടരേണ്ടതുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാരനെതിരെ മറ്റ് ആരോപണങ്ങള്‍ നിലവിലില്ലെന്ന് വിലയിരുത്തിയ കോടതി തുടര്‍ന്ന് ഇയാളെ തിരിച്ചെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Exit mobile version