കൂടത്തായി കൊലപാതക പരമ്പര: ജോളിയ്ക്കുവേണ്ടി അഡ്വ. ആളൂര്‍ ഹാജരാകും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയ്ക്കുവേണ്ടി അഡ്വ. ബിഎ ആളൂര്‍ വക്കാലത്ത് ഏറ്റെടുത്തു. ആളൂരിന്റെ സഹായികള്‍ കോഴിക്കോട് ജില്ലാ ജയിലെത്തി ജോളിയെ കണ്ടു. അഡ്വ. ആളൂര്‍ നാളെ കോടതിയില്‍ ഹാജരാകും.

കൊലപാതക പരമ്പരയിലെ പ്രതികള്‍ക്കായുള്ള ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ താമരശേരി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് നീക്കം. പ്രതികളായ ജോളിക്കും പ്രജികുമാറിനും വേണ്ടി ഇന്ന് ഉച്ചവരെ ആരും വക്കാലത്ത് ഏറ്റെടുത്തിരുന്നില്ല.

പതിനൊന്ന് ദിവസത്തേക്കാണ് അപേക്ഷ നല്‍കിയതെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ രഞ്ജിന്‍ ബേബി പറഞ്ഞു. പ്രതി എംഎസ് മാത്യുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും നാളെത്തേക്ക് മറ്റി. അതിനിടെ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സന്റെ മൊഴി പയ്യോളി ജില്ലാ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ജോളിയുമായി ദീര്‍ഘനേരം സംസാരിച്ചതിന്റെ കാരണമറിയാനാണ് ജോണ്‍സണെ വിളിച്ചുവരുത്തിയത്.

ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ മാത്യുവിന്റെ ജാമ്യാപേക്ഷയാണ് ആദ്യം പരിഗണിച്ചത്. മാത്യു നിരപരാധിയാണെന്നും ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും വാദിച്ചാണ് അപേക്ഷ നല്‍കിയത്. അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തതോടെ തീരുമാനം നാളെത്തേക്ക് മാറ്റി.

പിന്നാലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസന്‍ അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖാന്തരം കസ്റ്റഡി അപേക്ഷ നല്‍കി. പതിനൊന്ന് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ ചോദിച്ചത്. പ്രതികള്‍ക്ക് അഭിഭാഷകരില്ലാത്തതിനാല്‍ അവരുടെ ഭാഗം കൂടി കേള്‍ക്കാന്‍ നാളെ പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

പ്രമാദമായ കേസായതിനാല്‍ കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ റിമാന്‍ഡ് ചെയ്ത ശേഷം ലഭിച്ച മൊഴികളും തെളിവുകളും അടിസ്ഥാനമാക്കിയായിരിക്കും ചോദ്യം ചെയ്യല്‍. ഇതില്‍ നിന്ന് റോയിയുടെ കൊലപാതകത്തിന് അപ്പുറം മറ്റ് മരണങ്ങളിലെ പങ്കിനും തെളിവുകള്‍ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

പ്രമാദമായ ക്രിമിനല്‍ കേസുകളിലെല്ലാം പ്രതികള്‍ക്ക് വേണ്ടി ഹാജരായത് ആളൂരായിരുന്നു. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി ഏഴുവര്‍ഷം തടവായി കുറച്ചിരുന്നു. പെരുമ്പാവൂരിലെ ജിഷ വധക്കേസിലും പ്രതി അമിറുള്‍ ഇസ്ലാമിനു വേണ്ടി ഹാജരായതും ആളൂര്‍ തന്നെ ആയിരുന്നു.

Exit mobile version