രണ്ടു തവണ വിഷം നൽകി, റെഞ്ചിയുടെ മകളേയും ലക്ഷ്യം വെച്ചു

താമരശ്ശേരി: വീണ്ടും അന്വേഷണ സംഘം പോലും അമ്പരന്ന വെളിപ്പെടുത്തലുകൾ പുറത്ത്. കൂടത്തായി കൊലപാതക പരമ്പരയിലെ അറസ്റ്റിലായ പ്രതി ജോളി പെൺകുട്ടികളോട് വെച്ചുപുലർത്തിയത് കടുത്ത വിരോധം. അടുത്ത സുഹൃത്തായ തഹസിൽദാർ ജയശ്രീയുടെ മകളെ രണ്ടുതവണയാണ് ജോളി കൊല്ലാൻ ശ്രമിച്ചത്. അടുത്തബന്ധം പുലർത്തിയ ജയശ്രീയുടെ മകളേയും ജോളി രണ്ട് വട്ടം കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന വിവരം അന്വേഷണ സംഘത്തെ പോലും അമ്പരിപ്പിച്ചിട്ടുണ്ട്. കുടുംബത്തിനകത്തേയും പുറത്തേയും പലരുടേയും പെൺമക്കളെ ജോളി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് വിവരം.

ജയശ്രീയുടെ മകൾക്ക് രണ്ട് വയസ്സുള്ള സമയത്താണ് ജോളി വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചത്. ആറ് മാസത്തെ ഇടവേളയിൽ രണ്ട് തവണയായി ജോളി കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചു. കുഞ്ഞിനെ വിഷബാധയേറ്റപ്പോൾ എല്ലാം ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു. ആദ്യത്തെ തവണ കുഞ്ഞിനെ വയ്യെന്ന് ജയശ്രീയെ വിളിച്ച് അറിയിച്ചതും ജോളിയാണ്. രണ്ട് തവണയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച കുഞ്ഞിന് വിഷബാധയേറ്റെന്ന് തെളിഞ്ഞെങ്കിലും അടുത്ത സുഹൃത്തായ ജോളിയെ ജയശ്രീ സംശയിച്ചിരുന്നില്ല.

പൊന്നാമറ്റം കുടുംബത്തിന്റെ സ്വത്ത് വകകൾ ജോളിയുടെ പേരിൽ മാറ്റിയെഴുതി കൊണ്ടുള്ള വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിൽ ജയശ്രീയുടെ ഇടപെടലുമുണ്ടായിരുന്നു എന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. തഹസിൽദാർ ജയശ്രീയുടെ മകൾ, മുൻഭർത്താവായ റോയിയുടെ സഹോദരി റെഞ്ചിയുടെ മകൾ എന്നിവരെ കൂടാതെ മൂന്നാമതൊരു പെൺകുട്ടിയെ കൂടി ജോളി വധിക്കാൻ ശ്രമിച്ചിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. റോയിയുടെ ബന്ധുവായ മാർട്ടിന്റെ മകളെയാണ് ജോളി വിഷം നൽകി കൊല്ലാൻ ശ്രമിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

Exit mobile version