ജോളിയെ കേസില്‍ സഹായിക്കാനോ പുറത്തിറക്കാനോ തങ്ങളുണ്ടാവില്ല: സഹോദരന്റെ നിര്‍ണായക വെളിപ്പെടുത്തല്‍

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ അറസ്റ്റിലായ ജോളിയ്‌ക്കെതിരെ സഹോദരന്‍ നോബിയുടെ മൊഴി. റോയിയുടെ മരണശേഷം ഒസ്യത്തിന്റെ രേഖകള്‍ ജോളി തങ്ങളെ കാണിച്ചിരുന്നെന്നും അതു വ്യാജമെന്നു തോന്നിയതിനാല്‍ ജോളിയെ വഴക്കു പറഞ്ഞാണു തിരിച്ചുപോന്നതെന്നും നോബി പറഞ്ഞു.

അതേസമയം, ജോളി സഹായം തേടി ജയിലില്‍ നിന്ന് സഹോദരന്‍ നോബിയെ വിളിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്നലെയാണ് തടവുകാര്‍ക്കുളള ഫോണില്‍ നിന്നും നോബിയെ വിളിച്ചത്. വസ്ത്രങ്ങള്‍ എത്തിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വിളിച്ചത്. എന്നാല്‍ സഹോദരനില്‍ നിന്ന് അനുകൂല പ്രതികരണമല്ല ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

റോയിയുടെ മരണശേഷം സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ തന്റെ സഹോദരങ്ങളും അളിയന്‍ ജോണിയും കൂടത്തായിയില്‍ പോയിരുന്നു. ഒസ്യത്തിന്റെ രേഖകള്‍ ജോളി കാണിക്കുകയും ചെയ്തു. എന്നാല്‍ അതു വ്യാജമെന്നു തോന്നിയതിനാല്‍ ജോളിയെ വഴക്കു പറഞ്ഞാണു തിരിച്ചുപോന്നത്. സ്വത്തുതട്ടിപ്പിനെയും കൊലപാതകങ്ങളെയും കുറിച്ച് ഒന്നുമറിയില്ല. എന്നാല്‍ ജോളിയെ കേസില്‍ സഹായിക്കാനോ പുറത്തിറക്കാനോ തങ്ങളുണ്ടാവില്ലെന്നും നോബി പറഞ്ഞു.

പണമാവശ്യപ്പെട്ട് ജോളി തന്നെയും അച്ഛനെയും വിളിക്കുമായിരുന്നെന്നും നോബി പറഞ്ഞു. ‘ജോളിയുടെ ധൂര്‍ത്ത് അറിയാവുന്നതിനാല്‍ മക്കളുടെ അക്കൗണ്ടിലേക്കാണു പണമിട്ടിരുന്നത്. രണ്ടാഴ്ച മുന്‍പു വീട്ടിലെത്തിയപ്പോഴും അച്ഛനില്‍ നിന്നു പണം വാങ്ങിയാണ് പോയത്.’- നോബി പറഞ്ഞു.

Exit mobile version