‘നാടിന്റെ നന്മമരത്തെ മുറിച്ചാല്‍ നാട്ടിലെ കോടതി മൗനം ഭജിക്കണോ’; അടൂര്‍ ഗോപാലകൃഷ്ണനെ പരിഹസിച്ച് കവിതയുമായി സോഹന്‍ റോയി

'ഡാം 999' എന്ന സിനിമയുടെ സംവിധായകനും വ്യവസായിയുമാണ് സോഹന്‍ റോയി

തൃശ്ശൂര്‍: രാജ്യത്തെ ആള്‍ക്കൂട്ട ആക്രമങ്ങള്‍ക്ക് എതിരെ നരേന്ദ്ര മോഡിക്ക് കത്ത് എഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹത്തിന് പ്രതിചേര്‍ക്കപ്പെട്ട സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ പരിഹസിച്ചും വിമര്‍ശിച്ചും
കവിതയുമായി സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ സോഹന്‍ റോയി രംഗത്ത്. ഫേസ്ബുക്കിലൂടെ ആണ് സോഹന്‍ റോയി അടൂരിനെ പരിഹസിച്ചിരിക്കുന്നത്. ‘ഡാം 999’ എന്ന സിനിമയുടെ സംവിധായകനും വ്യവസായിയുമാണ് സോഹന്‍ റോയി.

‘രാജ്യദ്രോഹക്കത്ത്’ എന്ന പേരില്‍ നാല് വരി കവിതയും ഒരു കാരിക്കേച്ചറുമാണ് അടൂരിനെ പരിഹസിച്ച് കൊണ്ട് സോഹന്‍ റോയി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അടൂര്‍ നാടിന്റെ തിന്മകള്‍ സിനിമ പോലെയാക്കി വിദേശ രാജ്യങ്ങളില്‍ പ്രചരിപ്പിച്ച് നാടിനെ അപമാനിക്കുകയാണ് ചെയ്തതെന്നാണ് സോഹന്‍ റോയിയുടെ ആരോപണം. നാടിന്റെ നന്മമരത്തെ മുറിച്ചാല്‍ നാട്ടിലെ കോടതി മൗനം ഭജിക്കണോ എന്നും സോഹന്‍ റോയി കവിതയിലൂടെ ചോദിച്ചു.

ആള്‍ക്കൂട്ട ആക്രമണം വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ തുടര്‍ന്ന് രാമചന്ദ്ര ഗുഹ, മണിരത്‌നം, രേവതി, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയ 49 സാഹിത്യ-സാംസ്‌കാരിക-കലാ പ്രവര്‍ത്തകര്‍ക്കെതിരെ ബിഹാറിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നാണ് പോലീസ് വ്യക്തമാക്കിയത്.

Exit mobile version