മാറ്റമില്ലാതെ പ്രതിസന്ധി, സര്‍വീസുകള്‍ ഇന്നും മുടങ്ങും; പരിഹാരം കണ്ടെത്താനാകാതെ കെഎസ്ആര്‍ടിസി

താല്‍കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് പ്രതിസന്ധിയായത്.

തിരുവനന്തപുരം: നാളുകള്‍ പിന്നിട്ടിട്ടും കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി ഒഴിയുന്നില്ല. പരിഹാരം കണ്ടെത്താന്‍ കഴിയുന്നുമില്ല. ഡ്രൈവര്‍മാരുടെ അഭാവം മൂലം കഴിഞ്ഞ ദിവസങ്ങളിലായി സര്‍വീസുകളും മുടങ്ങുകയാണ്. ഇന്നും പല സര്‍വീസുകളും മുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. താല്‍കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് പ്രതിസന്ധിയായത്.

അവധി ദിവസമായതിനാല്‍ ഇന്നും ദിവസവേതനക്കാരെ ജോലിക്കാരെ വിളിക്കേണ്ടെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നും സര്‍വീസുകള്‍ മുടങ്ങുക. എന്നാല്‍ ദീര്‍ഘദൂര സര്‍വീസുകളില്‍ ആവശ്യമെങ്കില്‍ ഇവരുടെ സേവനം ഉപയോഗിക്കാമെന്നും നിര്‍ദേശമുണ്ട്.

താല്‍കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കഴിഞ്ഞ ദിവങ്ങളില്‍ പലയിടത്തും സര്‍വീസുകള്‍ പൂര്‍ണ്ണമായോ ഭാഗീകമായോ മുടങ്ങി. ഈ പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിച്ചുകൊണ്ട് സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ 2230 താല്‍ക്കാലിക ഡ്രൈവര്‍മാരെയാണ് കെഎസ്ആര്‍ടിയില്‍ നിന്ന് പിരിച്ചുവിട്ടത്.

Exit mobile version