സ്വകാര്യബസ് സമരത്തില്‍ നേട്ടം കൊയ്ത് കെഎസ്ആര്‍ടിസി; പ്രതിദിന ലാഭം ഒമ്പത് ലക്ഷം രൂപ! നാല് ദിവസം കൊണ്ട് നേടിയത് 45 ലക്ഷം

നിലവിലുള്ള 48 ബസുകള്‍ക്കു പുറമെ 14 ബസുകള്‍കൂടി ബംഗളൂരു റൂട്ടില്‍ മാത്രം അധികമായി ഓടുന്നുണ്ട്.

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ സമരം നടത്തിയതോടെ നേട്ടം കൊയ്തത് മറ്റാരുമല്ല കെഎസ്ആര്‍ടിസിയാണ്. വന്‍ ലാഭമാണ് സമര ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി കൊയ്തത്. ദിവസ വരുമാനത്തില്‍ ഒമ്പതു ലക്ഷം രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സമരം തുടങ്ങിയ തിങ്കള്‍ മുതല്‍ വ്യാഴാഴ്ച വരെ 45 ലക്ഷം രൂപയാണ് അധികമായി കിട്ടിയതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

നിലവിലുള്ള 48 ബസുകള്‍ക്കു പുറമെ 14 ബസുകള്‍കൂടി ബംഗളൂരു റൂട്ടില്‍ മാത്രം അധികമായി ഓടുന്നുണ്ട്. അന്തര്‍ സംസ്ഥാന സ്വകാര്യബസുകളില്‍ ഒരുവിഭാഗം വെള്ളിയാഴ്ച രാവിലെ ബംഗളൂരുവില്‍ നിന്ന് ബുക്കിങ് ആരംഭിച്ചിരുന്നു, എന്നാല്‍ പിന്നീട് നിര്‍ത്തി വെയ്ക്കുകയും ചെയ്തു. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ തിരക്ക് പരിഹരിക്കാനുള്ള ക്രമീകരണങ്ങള്‍ കര്‍ണാടക, തമിഴ്നാട്, കേരള ആര്‍ടിസികള്‍ ആരംഭിച്ചിട്ടുണ്ട്.

അതിനിടെ, നഷ്ടത്തിന്റെ പട്ടിക നീളുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്കുള്ള അവസരം സ്വകാര്യബസുടമകള്‍ തേടുന്നുണ്ട്. തിങ്കളാഴ്ച ഗതാഗത സെക്രട്ടറിയെ കാണാന്‍ അനുമതി തേടിയിട്ടുണ്ട്.

Exit mobile version