പ്രാദേശിക നേതാവ് ജോളിക്ക് ഒരു ലക്ഷം നൽകിയത് എന്തിന്; പലരിൽ നിന്നും പണം വാങ്ങിയതും സംശയത്തിൽ; പിന്നിൽ ഗൂഢാലോചന സംഘമോ

താൻ ഒറ്റയ്ക്കല്ലെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റ് പതിനൊന്ന് പേരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുന്നത്.

കോഴിക്കോട്: കൂടത്തായിയിലെ അന്വേഷണം ജോളിയിൽ നിന്നും കൂടുതൽ പേരിലേക്ക്. നിലവിൽ പതിനൊന്ന് പേരാണ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. കൊലപാതകങ്ങളും സ്വത്ത് തട്ടിപ്പും നടത്തിയത് താൻ ഒറ്റയ്ക്കല്ലെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് മറ്റ് പതിനൊന്ന് പേരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇത് വരെ ചോദ്യം ചെയ്തിട്ടില്ലാത്തവർ ഉൾപ്പടെയുള്ളവരാണ് പോലീസിന്റെ സംശയപട്ടികയിലുള്ളത്.

വ്യാജ ഒസ്യത്തുണ്ടാക്കാൻ സഹായിച്ച റവന്യൂ ഉദ്യോഗസ്ഥർ, പ്രാദേശികമായി സഹായങ്ങൾ നൽകിയ രണ്ട് രാഷ്ട്രീയനേതാക്കൾ, കോഴിക്കോട്ടെ രണ്ട് ക്രിമിനൽ അഭിഭാഷകർ എന്നിവരെയാണ് പോലീസ് നിരീക്ഷിക്കുന്നത്. സ്വത്ത് തട്ടിയെടുക്കാനുള്ള ഗൂഢാലോചന ആസൂത്രണം ചെയ്തത് ഈ സംഘമാണെന്നാണ് പോലീസ് നിഗമനം. വ്യാജ ഒസ്യത്ത് രേഖകളെ ചൊല്ലി ലഭിച്ച പരാതി പ്രാദേശിക പോലീസ് ഉദ്യോഗസ്ഥർ അവഗണിച്ചതും സംശയത്തിനിടയാക്കി. ജോളി ഇവരുടെയെല്ലാം സഹായത്തോടെയാണ് വ്യാജവിൽപ്പത്രം ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം.

ഒരു രാഷ്ട്രീയനേതാവ് ജോളിയ്ക്ക് നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്തിനാണ് ഈ പണം നൽകിയതെന്നറിയാൻ ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യും. ഇത്തരത്തിൽ പലരുമായി നടത്തിയ ജോളിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പോലീസിന്റെ പക്കൽ തെളിവുണ്ട്. മറ്റൊരു ചെക്ക് ബാങ്കിൽ കൊണ്ടുപോയി പണമായി മാറ്റിയതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് കിട്ടി. എവിടെ നിന്നാണ് ജോളിയ്ക്ക് ഈ പണമെല്ലാം ചെക്കായി കിട്ടിയിരുന്നത്? എന്തിന്? എന്നതൊക്കെയാണ് ഇനി പോലീസിന് പരിശോധിക്കേണ്ടത്. ലക്ഷങ്ങളുടെ ഇടപാടുകളും തിരിമറിയും ജോളി നടത്തിയിരുന്നു എന്നതാണ് അന്വേഷണത്തിലൂടെ തെളിയുന്നത്. കഴിഞ്ഞ ഒരു വർഷത്തെ ജോളിയുടെ ഫോൺ രേഖകൾ പൂർണ്ണമായും പോലീസ് പരിശോധിച്ചതിൽ നിന്നും നിരവധി തവണ ഫോൺ ചെയ്ത ഏഴ് പേരെ പോലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്യാനുറച്ചു.

ജോളിയുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചുവരികയാണ്. അതേസമയം, പ്രാദേശിക പോലീസ് ജോളിക്കെതിരെ ഉയർന്ന സ്വത്ത് കേസടക്കം എങ്ങനെയാണ് തള്ളിക്കളഞ്ഞതെന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. വ്യാജ ഒസ്യത്തുണ്ടാക്കി എന്നാരോപിച്ച് നേരത്തേ ജോളിയ്ക്ക് എതിരെ പരാതി ്പാലീസ് സ്റ്റേഷനിൽ ബന്ധുക്കൾ നൽകിയതാണ്. അന്ന് പക്ഷേ, ഇത് വെറും സ്വത്ത് തർക്കമാണെന്ന് കാട്ടി കേസ് എഴുതിത്തള്ളിയത് താമരശ്ശേരി ഡിവൈഎസ്പിയാണ്. എന്തുകൊണ്ട് അന്ന് ഡിവൈഎസ്പി അത്തരമൊരു നടപടിയെടുത്തു എന്നത് ഇനിയും തെളിയേണ്ടതുണ്ട്.

തർക്കം രൂക്ഷമായതിന് പിന്നാലെ റോയിയുടെ സഹോദരൻ റോജോയാണ് അമേരിക്കയിൽ നിന്നെത്തി പോലീസ് സ്റ്റേഷനിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച് റോയിയുടെ ആത്മഹത്യയെന്ന് രേഖപ്പെടുത്തിയ കേസിന്റെ വിശദാംശങ്ങൾ എടുത്തത്. ഇതിന് ശേഷമാണ് മരണങ്ങളിൽ സംശയമുയരുന്നത്. ആ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കുടുംബത്തിൽ നടന്ന മരണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റൂറൽ എസ്പിക്ക് പരാതിയായി നൽകിയത്.

എന്നാൽ സ്വത്ത് തർക്കമാണ് പ്രശ്‌നമെങ്കിൽ അത് തിരിച്ച് തരാമെന്ന നിലപാടിലായി ജോളി. ഒസ്യത്ത് തിരികെ നൽകാനും തയ്യാറായി. പക്ഷേ, ഇതിന് പകരമായി മരണങ്ങളിൽ സംശയം ഉണ്ടെന്ന് കാണിച്ച് പോലീസിന് നൽകിയ പരാതി പിൻവലിക്കണമെന്ന് ജോളി ആവശ്യപ്പെട്ടു. ഇതോടെ റോജോ അടക്കമുള്ള ബന്ധുക്കളുടെ സംശയം ഇരട്ടിയാവുകയായിരുന്നു.

Exit mobile version