ആരും സംശയിച്ചില്ല; അനാവശ്യമായി അതിബുദ്ധി കാണിച്ച് സ്വയം കുഴി കുഴിച്ചത് ജോളി തന്നെ

സ്വാഭാവികമായും ആ വഴിക്ക് നീങ്ങി. ഇതാണ് ജോളിയെ കുടുക്കിയതും.

കോഴിക്കോട്: കൂടത്തായിയിൽ നിന്നും പുറത്തുവരുന്നത് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ. ഒരു കുടുംബത്തിലെ ഉറ്റബന്ധുക്കൾ ഉൾപ്പടെ ആറുപേരെ കൊലപ്പെടുത്തിയതിനു പിന്നിൽ ജോളിയാണെന്ന് ഇനിയും നാട്ടുകാർക്കും ബന്ധുക്കൾക്കും വിശ്വസിക്കാനാകുന്നില്ല. ആറ് പേരേയും കൊന്നത് താനാണെന്ന് മുഖ്യപ്രതി ജോളി തന്നെ പറയുമ്പോൾ പോലീസിനു പോലും ഇക്കാര്യത്തിൽ ഞെട്ടൽ മാറുന്നില്ല. ജോളിയുടെ മുൻഭർത്താവ് റോയ് തോമസിന്റെ മരണം ആത്മഹത്യയാണെന്നാണ് ഇക്കാലമത്രയും പോലീസ് പോലും വിശ്വസിച്ചിരുന്നത്. റോയ് തോമസിന്റെ മരണത്തിലെ സംശയങ്ങൾ തന്നെയാണ് ആറുമരണത്തിലേയും ദുരൂഹതകൾ നീക്കിയത്.

ശുചിമുറിയിൽ നിന്നും കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ റോയ് തോമസ് സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് പോലും വിശ്വസിച്ചിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സയനൈഡിന്റെ അംശം കണ്ടെത്തിയതിനാലാണ് ഇത്. എന്നാൽ റോയിയുടെ മരണം സയനൈഡ് കഴിച്ചുള്ള ആത്മഹത്യ എന്നായിരുന്നില്ല പ്രതി ജോളി നാട്ടിലാകെ പ്രചരിപ്പിച്ചിരുന്നത്. ഭർത്താവ് റോയ് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നായിരുന്നു ജോളി പറഞ്ഞു നടന്നത്. റോയ് സയനൈഡ് കഴിച്ചതാണെന്ന് അറിഞ്ഞിട്ടും ഇവർ ഹൃദയാഘാതം മൂലമാണ് മരണമെന്ന് ഇവർ ആവർത്തിച്ചു പ്രചരിപ്പിച്ചു കൊണ്ടിരുന്നു. സയനൈഡ് കഴിച്ചുള്ള ആത്മഹത്യയെന്ന് നാട്ടിൽ അറിഞ്ഞാൽ സംശയമുണ്ടാകാനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് ഹൃദയാഘാതമെന്ന് ജോളി പ്രചരിപ്പിച്ചതെന്നാണ് നിഗമനം.

വർഷങ്ങൾക്കിപ്പുറം പോലീസിൽ പരാതി ലഭിച്ചപ്പോൾ അന്വേഷണഘട്ടത്തിൽ നിരവധി പേരെ ചോദ്യം ചെയ്തതിൽ അമ്പതോളം മൊഴി വൈരുദ്ധ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ, സ്വാഭാവികമായും ആ വഴിക്ക് നീങ്ങി. ഇതാണ് ജോളിയെ കുടുക്കിയതും. അന്വേഷണ സംഘത്തലവൻ തന്നെ ഇത് വ്യക്തമാക്കുകയും ചെയ്തു.

രണ്ട് മാസം മുമ്പ് കിട്ടിയ ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് കൂടത്തായി കൂട്ടക്കൊലയുടെ അന്വേഷണം ആരംഭിച്ചതെന്ന് റൂറൽ എസ്പി സൈമൺ വ്യക്തമാക്കുന്നു. പ്രാഥമിക പരിശോധനയിൽ ചില സംശയങ്ങൾ തോന്നിയതോടെ ഡിഐജിയെ വിവരം അറിയിച്ചു. അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘത്തെ അന്വേഷണചുമതല ഏൽപിച്ചു. റോയ് ജോസ് എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട് പരാതിയോടെയാണ് കേസ് ആദ്യമായി പോലീസിന്റെ മുന്നിലെത്തുന്നത്. മരണത്തിൽ മറ്റു അസ്വഭാവികതകൾ ഒന്നുമില്ലാതിരുന്നതിനാൽ അന്ന് ഈ ആ ഫയൽ ക്ലോസ് ചെയ്തത്. ഇപ്പോൾ പരാതി കിട്ടിയപ്പോൾ വീണ്ടും ആ ഫയൽ പരിശോധിച്ചു. അപ്പോഴാണ് സയനൈഡ് കഴിച്ചാണ് റോയ് മരിച്ചതെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. സയനൈഡ് എവിടെ നിന്നും കിട്ടി എന്ന കാര്യം പരിശോധിക്കാതെയായിരുന്നു കേസ് അവസാനിപ്പിച്ചത്.

ഇവരുടെ കുടുംബപശ്ചാത്തലവും മറ്റു പരിശോധിച്ചപ്പോൾ ഈ കുടുംബത്തിലെ മറ്റ് അഞ്ച് പേർ കൂടി സമാനമായ സാഹചര്യങ്ങളിൽ മരണപ്പെട്ടതായി കണ്ടെത്തി. എല്ലാവരുടേയും മരണസമയത്ത് ജോളി എന്ന സ്ത്രീയുടെ സാന്നിധ്യമുള്ളതും സംശയം വർധിപ്പിച്ചു. ഇതോടെ കോടതിയുടെ അനുമതി തേടി ജോളിയെക്കുറിച്ചും കാര്യമായി പോലീസ് അന്വേഷിച്ചു. ദുരൂഹമായ പല കാര്യങ്ങളും ഈ അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. ജോളി നാട്ടിൽ പറഞ്ഞിരുന്നത് താൻ കോഴിക്കോട് എൻഐടിയിലെ ലക്ചററായിരുന്നു എന്നാണ്. എന്നാൽ ഇവർ ശരിക്കും ഒരു ബ്യൂട്ടി പാർലർ നടത്തുകയായിരുന്നു. എൻഐടിയുടെ വ്യാജഐഡികാർഡുമായി എല്ലാ ദിവസവും ഇവർ കാറിൽ വീട്ടിൽ നിന്നു പോകും വൈകിട്ട് തിരിച്ചുവരും. ഇതായിരുന്നു രീതി.

Exit mobile version