യാത്രക്കാര്‍ ദുരിതത്തില്‍; കെഎസ്ആര്‍ടിസിയില്‍ മുന്നൂറോളം സര്‍വ്വീസുകള്‍ മുടങ്ങി

താത്ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതിനുശേഷമുള്ള നാലാം ദിവസമായ ഇന്ന് 300ലധികം സര്‍വ്വീസുകളാണ് മുടങ്ങിയത്. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി തുടരുന്നു. താത്ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതിനുശേഷമുള്ള നാലാം ദിവസമായ ഇന്ന് 300ലധികം സര്‍വ്വീസുകളാണ് മുടങ്ങിയത്. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്.

അതേസമയം, ദിവസക്കൂലിക്ക് ഡ്രൈവര്‍മാരെ നിയോഗിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി ശ്രമിച്ചുവെങ്കിലും ശ്രമം പൂര്‍ണ്ണതോതില്‍ ഫലപ്രദമായില്ല. ഇന്ന് പല ഡിപ്പോകളിലും ആവശ്യമുള്ള ഡ്രൈവര്‍മാര്‍ ജോലിക്കെത്തിയില്ല. ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ ഡ്രൈവര്‍മാര്‍ വേണ്ടത്ര താല്‍പര്യം കാണിക്കാത്തതാണ് പ്രശ്‌നമെന്നാണ് വിവരം.

ഡിപ്പോകളില്‍ ശരാശരി അഞ്ച് മുതല്‍ പത്ത് വരെയുള്ള സര്‍വ്വീസുകള്‍ മുടങ്ങി. തെക്കന്‍മേഖലയില്‍ 153 സര്‍വീസും മധ്യമേഖലയില്‍ 120 സര്‍വീസും വടക്കന്‍ മേഖലയില്‍ 34 സര്‍വീസുമാണ് ഇതുവരെ മുടങ്ങിയത്.

ബസ് സര്‍വ്വീസുകള്‍ മുടങ്ങിയതുകൊണ്ട് കഴിഞ്ഞ മൂന്ന് ദിവസം കെഎസ്ആര്‍ടിസിക്ക് മൂന്ന് കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണവും മുടങ്ങിക്കിടക്കുകയാണ്.

Exit mobile version