ഗാന്ധിക്ക് നേരെ വെടി ഉതിർത്തവർ രാജ്യദ്രോഹികളല്ല; അനീതിക്കെതിരെ കത്തെഴുതിയ തങ്ങളാണ് രാജ്യദ്രോഹികൾ; ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് അടൂർ

ജനാധിപത്യം നിലനിൽക്കുന്നുണ്ടെന്ന വിശ്വാസത്തിലാണ് താനടക്കമുള്ളവർ ഒരു അനീതി ശ്രദ്ധയിൽപ്പെടുത്താൻ പ്രധാനമന്ത്രിക്ക് കത്തയച്ചതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. അടൂർ ഉൾപ്പടെയുള്ള ചലച്ചിത്ര-സാംസ്‌കാരിക പ്രവർത്തകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആശങ്കാജനകമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ടെന്ന വിശ്വാസത്തിലാണ് താനടക്കമുള്ളവർ ഒരു അനീതി ശ്രദ്ധയിൽപ്പെടുത്താൻ പ്രധാനമന്ത്രിക്ക് കത്തയച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആൾക്കൂട്ട ആക്രമണം വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ തുടർന്ന് രാമചന്ദ്ര ഗുഹ, മണി രത്നം, രേവതി, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ 49 സാഹിത്യ-സാംസ്‌കാരിക-കലാ പ്രവർത്തകർക്കെതിരെ ബിഹാറിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

രാജ്യത്ത് ഒരു അനീതി നടക്കുമ്പോൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് കത്തെഴുതിയത്. വിനീതനായിട്ടാണ്, ധിക്കാരപരമായി എഴുതിയതല്ല ആ കത്ത്. അതിൽ ഒപ്പിട്ട 49 പേരിൽ ഒരാൾ പോലും രാഷ്ട്രീയക്കാരല്ല. മാധ്യമപ്രവർത്തകരും സാംസ്‌കാരിക പ്രവർത്തകരുമാണ്. ജനാധിപത്യം നിലനിൽക്കുന്നുണ്ടെന്ന വിശ്വാസമായിരുന്നു അങ്ങനെ കത്തെഴുതാൻ തങ്ങളെ പ്രേരിപ്പിച്ചത്. കത്തിൽ പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും പരിഹാരം കാണുക എന്നതാണ് സാധാരണ ഗതിയിൽ ഭരണകൂടം ഇക്കാര്യത്തിൽ ചെയ്യേണ്ടത്.

കോടതി അത്തരമൊരു പരാതി പരിഗണിച്ച് കേസെടുക്കാൻ ആവശ്യപ്പെട്ടത് തന്നെ രാജ്യത്തെ ആശങ്കജനകമായ സാഹചര്യം വ്യക്തമാക്കുന്നു. ഗോഡ്സെ ഗാന്ധിജിയെ വെടിവെച്ചത് പോലെ ഗാന്ധിയുടെ പ്രതിമയുണ്ടാക്കി അതിന് നേരെ വെടിവെച്ചവർ രാജ്യ ദ്രോഹികളല്ല. ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നില്ല. അത്തരക്കാരെ ഒരു കോടതിയും ഭരണകൂടവും കാണുന്നില്ല. അവരെല്ലാം ഇപ്പോൾ എംപിമാരാണ്. അത്തരമൊരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. നീതിന്യായ വ്യവസ്ഥയിലും സംശയമുണ്ടാക്കുന്ന നിലയിലാണിപ്പോൾ ഉള്ളതെന്നും അടൂർ പറഞ്ഞു.

സുധീർ കുമാർ ഓജ എന്ന അഭിഭാഷകൻ സമർപ്പിച്ച പരാതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് രണ്ട് മാസം മുമ്പ് ഇവർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. രാജ്യദ്രോഹത്തിന് പുറമെ പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കൽ എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Exit mobile version