എംബിബിഎസ് അവസാനവര്‍ഷ പരീക്ഷയ്ക്ക് കൂട്ടക്കോപ്പിയടി; അഞ്ച് കോളേജുകളുടെ പരീക്ഷാഫലം തടഞ്ഞു

ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായി നടന്ന പരീക്ഷയിലാണ് (പാര്‍ട്ട് വണ്‍) കോപ്പിയടി നടന്നത്

തിരുവനന്തപുരം: എംബിബിഎസ് പരീക്ഷയ്ക്ക് കൂട്ടക്കോപ്പിയടി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് മെഡിക്കല്‍ കോളേജുകളുടെ ഫലം തടഞ്ഞു. ആലപ്പുഴ, എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെയും തിരുവനന്തപുരം എസ്‌യുടി, കൊല്ലം അസീസിയ, പെരിന്തല്‍മണ്ണ എംഇഎസ് എന്നീ കോളേജുകളുടെയും ഫലമാണ് ആരോഗ്യ സര്‍വ്വകലാശാല തടഞ്ഞത്.

ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായി നടന്ന പരീക്ഷയിലാണ് (പാര്‍ട്ട് വണ്‍) കോപ്പിയടി നടന്നത്. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഇക്കാര്യം അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് സംശയമുള്ള കോളേജുകളിലെ ദൃശ്യങ്ങള്‍ പരീക്ഷാക്രമക്കേടുകള്‍ വിലയിരുത്താനുള്ള സര്‍വകലാശാലാ സമിതി പരിശോധിച്ചതോടെയാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

കുട്ടികളെ തിരിച്ചറിഞ്ഞ് വിവരം കൈമാറാന്‍ സര്‍വകലാശാലാ സമിതി കോളേജ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ചു വിദ്യാര്‍ത്ഥികളുടെ വിവരം കോളേജുകള്‍ കൈമാറി. ഇവരെ അയോഗ്യരാക്കാന്‍ സര്‍വകലാശാല നടപടി തുടങ്ങി. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ഗവേണിങ് കൗണ്‍സില്‍ അന്തിമതീരുമാനമെടുക്കും. ക്രമക്കേടില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.

Exit mobile version