സവാള വില നിയന്ത്രിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍; നാസിക്കില്‍ നിന്ന് 40 ടണ്‍ സവാള എത്തിക്കും

സപ്ലൈക്കോ വഴി കിലോക്ക് 35 രൂപ നിരക്കില്‍ വില്‍ക്കാനാണ് പദ്ധതി

തിരുവനന്തപുരം: കേരളത്തില്‍ സവാള വില നിയന്ത്രിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സപ്ലൈക്കോ വഴി കിലോക്ക് 35 രൂപ നിരക്കില്‍ വില്‍ക്കാനാണ് പദ്ധതി. ഇതിനായി നാസിക്കില്‍ നിന്ന് മറ്റന്നാള്‍ 40 ടണ്‍ സവാണയെത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തുടനീളം ഉള്ളിക്ക് 80 രൂപ വരെ വിലയെത്തി.

ഈ സാഹചര്യത്തില്‍ അനുദിനം കുതിച്ചുയരുന്ന ഉള്ളി വില നിയന്ത്രിക്കാന്‍ കേന്ദ്ര ഏജന്‍സിയായ നാഫെഡ് വഴി സവാള സംഭരിച്ച് കുറഞ്ഞ വിലയില്‍ കേരളത്തിലെത്തിച്ച് വിതകരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ നാസിക്കില്‍ എത്തി.

കുതിച്ചുകയറുന്ന വില നിയന്ത്രിക്കാന്‍ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം നേരത്തെ ഉള്ളിക്കയറ്റുമതി നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. രാജ്യത്തിന് പുറത്തേക്കുള്ള കയറ്റുമതി നിരോധിച്ച സാഹചര്യത്തില്‍ കേരളത്തിനാവശ്യമായ ഉള്ള സംഭരിച്ചെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സെപ്റ്റംബറില്‍ ഉള്ളഇ വില ഉയര്‍ന്നത്. അതേസമയം രാജ്യത്തെ മൊത്തവിതരണകേന്ദ്രങ്ങളില്‍ ഉള്ളിയുടെ സ്റ്റോക്കെത്തുന്നതില്‍ വലിയ കുറവാണുള്ളത്. ഉള്ളിവില കുത്തനെ കൂടാനുള്ള കാരണവും ഇത് തന്നെ. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉള്ളി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ മഹാരാഷ്ട്രയില്‍ ഉണ്ടായ പ്രളയം ഉള്ളിയുടെ ലഭ്യത കുറയാനിടയാക്കി.

Exit mobile version