ബിഹാറിലെ പ്രളയബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ സന്നദ്ധമെന്ന് കേരളം

പ്രളയബാധിതരായ മലയാളികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ബീഹാര്‍ ചീഫ് സെക്രട്ടറി ഉറപ്പുനല്‍കി.

തിരുവനന്തപുരം: മഹാപ്രളയം നേരിടുന്ന ബിഹാറിലെ ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സഹായമെത്തിക്കാന്‍ സന്നദ്ധമാണെന്ന് കേരളം ബിഹാര്‍ സര്‍ക്കാരിനെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്താണ് ഇക്കാര്യം ബിഹാര്‍ സര്‍ക്കാരിനെ അറിയിച്ചത്. അതേസമയം, പ്രളയബാധിതരായ മലയാളികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ബീഹാര്‍ ചീഫ് സെക്രട്ടറി ഉറപ്പുനല്‍കി.

ശക്തമായ മഴ കാരണം ബിഹാറിലെയും യുപിയിലെയും പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തു. പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കാനാണ് ഇപ്പോള്‍ ദുരന്ത നിവാരണ സേനയും മറ്റ് ഏജന്‍സികളും ശ്രമിക്കുന്നത്. എന്നാല്‍ മലയാളികള്‍ക്കാര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന് ലഭിച്ച വിവരം.

സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റയും യുപിയിലെയും ബിഹാറിലെയും അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. മലയാളി കുടുംബങ്ങളുടെ കാര്യങ്ങള്‍ അന്വേഷിച്ച് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ നോര്‍ക്ക വകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Exit mobile version