പുറത്തുനിന്നും വിദ്യാർത്ഥികൾ എത്തട്ടെ; ഇനി സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും ജൂൺ ഒന്നിന് തുറക്കുമെന്ന് കെടി ജലീൽ

ഐഎച്ച്ആർഡിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

മലപ്പുറം: സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ സ്‌കൂളുകളും കോളജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാം ജൂൺ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീൽ. ഇതിനായി ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുതുവല്ലൂർ ഐഎച്ച്ആർഡിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കേരളത്തിലേക്ക് ജോലി തേടി വരുന്ന പോലെ ഉന്നത വിദ്യാഭ്യാസത്തിന് ആരും വരുന്നില്ലെന്നും അത് പഠനാരംഭത്തിന്റെ പ്രശ്‌നമാണന്നും മന്ത്രി പറഞ്ഞു. ഇത് പരിഹരിക്കാൻ അടുത്ത വർഷം ജൂൺ ഒന്നിന് സ്‌കൂൾ, കോളജ് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം ഒരേ സമയത്ത് പഠനാരംഭം കുറിക്കുമെന്നും സർക്കാർ അതിനായുള്ള കഠിനപരിശ്രമത്തിലാണന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ഐഎച്ച്ആർഡി ഡയറക്ടർ ഡോ. പി സുരേഷ് കുമാർ, മുതുവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെഎ സഗീർ, കോളജ് പ്രൻസിപ്പൽ സിസ്സി ജോൺ തുടങ്ങിയവർ സംസാരിച്ചു.

Exit mobile version